നേമം: പള്ളിച്ചൽ പാമാംകോട് ഭാഗത്തെ ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ചിരുന്ന ട്യൂബ് ലൈറ്റുകൾ അടിച്ചു തകർത്ത കേസിൽ ഒരു പ്രതിയെകൂടി പൊലീസ് പിടികൂടിയതായി സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ അറിയിച്ചു. പൊന്നുമംഗലം യു.പി സ്കൂളിന് സമീപം വിച്ചാവി എന്ന വിശാഖിനെയാണ് (26) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ട് പ്രതികളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ആറ് മാസത്തിന് മുമ്പായിരുന്നു സംഭവം. പ്രതി വിശാഖ് ഉൾപ്പെട്ട നാലംഗ അക്രമി സംഘം പാമാംകോട് കല്ലടി ഭാഗത്തേക്ക് പോകുന്ന വഴിയിലുള്ള മൂന്ന് ഇലക്ട്രിക് പോസ്റ്റുകളിലെ ട്യൂബ് ലൈറ്റുകൾ അടിച്ചുതകർക്കുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അന്വേഷിച്ചുവരവെ ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, വിജയൻ, പത്മകുമാർ, ശ്രീകുമാർ, സി.പി.ഒമാരായ ഗിരി, ലതീഷ്, ഉണ്ണികൃഷ്ണൻ, സജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായ വിശാഖ് വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ കേസിൽ ഇനി അറസ്റ്റ് ചെയ്യാനുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയതായും കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.