കുന്നംകുളം: കൊച്ചി എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ചൊവ്വന്നൂർ, കടവല്ലൂർ ഭാഗങ്ങളിൽനിന്നും 10 പേരിൽ നിന്നായി 10 ലക്ഷത്തോളം തട്ടിയെടുത്ത യുവാവിനെ കുന്നംകുളം പൊലീസ് പിടികൂടി. കൈപ്പറമ്പ് എടക്കളത്തൂർ കിഴക്കുമുറി വീട്ടിൽ പ്രബിൻ (34) നെയാണ് സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്.വനം വകുപ്പിൽ ജോലി ചെയ്യുന്നയാളാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. പ്രദേശത്തെ ചില ഇടനിലക്കാർ മുഖേന ചെറുപ്പക്കാരെ സ്വാധീനിച്ച് ജോലി വാഗ്ദാനം നൽകുകയാണ് ചെയ്തത്. ഫോറസ്റ്റിന്റെ വ്യാജ രേഖകളുമായി കാക്കി പാന്റും ധരിച്ചാണ് ഇയാൾ സമീപിച്ചിരുന്നത്.
വാളയാർ റേഞ്ച് ഓഫിസിലാണ് ജോലിയെന്നും കോടതി ആവശ്യങ്ങൾക്കായി കലക്ടറേറ്റിൽ വരുമ്പോൾ കാണാമെന്നുമാണ് ധരിപ്പിച്ചിരുന്നത്. വ്യാജമായി ഉണ്ടാക്കിയ പല രേഖകളും കൈമാറിയത് കലക്ടറേറ്റിൽ കോടതിയുടെ സമീപത്തു വച്ചായിരുന്നു. പലതവണകളിലായി ഇവരിൽനിന്നും 60,000 മുതൽ ഒന്നര ലക്ഷം രൂപ വരെ ഇയാൾ വാങ്ങിയിട്ടുണ്ട്. എയർഇന്ത്യയുടെയും കോടതിയുടെയും വ്യാജരേഖകൾ ഉണ്ടാക്കി ഇയാൾ കൈമാറുകയും ചെയ്തിരുന്നു. ജോലിക്ക് കയറേണ്ടതായ പല ദിവസങ്ങൾ മാറ്റി പറയുകയും ഒടുവിൽ സംശയം തോന്നി പൊലീസിൽ ഇവർ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാൾക്കൊപ്പം തട്ടിപ്പിന് കൂട്ടുനിന്ന മറ്റ് രണ്ടുപേരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.