തിരുവനന്തപുരം/ നെയ്യാറ്റിൻകര: നേമം കാരയ്ക്കാമണ്ഡപം വെള്ളായണി അൽതസ്ലിം വീട്ടിൽ കബീറിന്‍റെ മകൻ റഫീഖിനെ(24) കാറ്റാടിക്കഴ കൊണ്ട് അടിച്ചുകൊന്ന കേസിലെ ഏഴ് പ്രതികൾക്കും ജീവപര്യന്തം കഠിനതടവും ലക്ഷം വീതം പിഴയും. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷാണ് ശിക്ഷ വിധിച്ചത്.
കാരയ്ക്കാമണ്ഡപം സ്വദേശികളായ അമ്പലത്തിൻവിള അൻസക്കീർ മൻസിലിൽ അൻസക്കീർ (28), ശിവൻകോവിലിന് സമീപം നൗഫൽ (27), താന്നിവിള റംസാന മൻസിലിൽ ആരിഫ് (30), ആറ്റുകാൽ ബണ്ട് റോഡിൽ ശിവഭവനത്തിൽ സനൽകുമാർ എന്ന മാലിക് (27), ബി.എൻ.വി കോംപ്ലക്സിന് സമീപം ആഷർ (26), പൊറ്റവിള റോഡിൽ ആഷിഖ് (25), നേമം പുത്തൻവിളാകം അമ്മവീട് ലെയിനിൽ ഹബീബ് റഹ്മാൻ (26) എന്നിവർക്കാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവിനും വിധിയുണ്ട്.
ജീവപര്യന്തത്തിന് പുറമെ, അന്യായമായി സംഘം ചേർന്നതിന് ഒരു വർഷവും സംഘടിച്ച് ലഹള നടത്തിയതിന് ഒരു വർഷവും കഠിനതടവും അന്യായ തടസ്സം ചെയ്തതിന് ഒരുമാസം സാധാരണ തടവും അനുഭവിക്കണം. മാരകായുധങ്ങൾ കൈവശംവെച്ച് ലഹള നടത്തിയ ഒന്നുമുതൽ നാലുവരെ പ്രതികളായ അൻസക്കീർ, നൗഫൽ, ആരിഫ്, മാലിക് എന്നിവർ ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കാനും വിധിച്ചു. റഫീഖിന്‍റെ ആശ്രിതർക്ക് ലീഗൽ സർവിസ് അതോറിറ്റിയിൽനിന്ന് നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
കാരയ്ക്കാമണ്ഡപം വെള്ളായണി ദേശീയപാതയിൽ തുലവിളയിൽ 2016 ഒക്ടോബർ ഏഴിന് രാത്രി ഒമ്പതരക്കായിരുന്നു സംഭവം. ഇതിന് ഒരു മണിക്കൂർ മുമ്പ് ഒന്നാം പ്രതി അൻസക്കീറിന്‍റെ മാതൃസഹോദരൻ പൊടിയൻ എന്ന അബു ഷക്കീറിനെ റഫീഖും സംഘവും വെട്ടിപ്പരിക്കേൽപിച്ച വിരോധമാണ് കൊലക്ക് ആധാരം.
അബുഷക്കീറിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമായ പ്രതികൾ സംഘം ചേർന്ന് റഫീഖിനെ ഓടിച്ചിട്ടു തുലവിള നാരായണഗുരു പ്രതിമക്ക് മുന്നിലിട്ട് കാറ്റാടിക്കഴകൾ കൊണ്ട് മർദിക്കുകയായിരുന്നു. മൃതപ്രായനായ റഫീഖിനെ പ്രതികൾ റോഡിലൂടെ വലിച്ചിഴച്ച് തുലവിള നാഷനൽ ഹൈവേയിൽ കൊണ്ടുവരികയും പൊലീസ് ജീപ്പ് വരുന്നത് കണ്ട് ഓടി രക്ഷപ്പെടുകയുമായിരുന്നു.
ദൃക്സാക്ഷികളായ അൻസിൽ ഖാൻ, അഭിലാഷ്, ഷിബു ഉൾപ്പെടെ എട്ടു പ്രോസിക്യൂഷൻ സാക്ഷികൾ വിചാരണവേളയിൽ കൂറുമാറിയിരുന്നു. ഒന്നാംപ്രതി അൻസക്കീറിന്‍റെ വസ്ത്രത്തിൽ കണ്ട മനുഷ്യരക്തം റഫീഖിന്‍റേതാണെന്നു ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞത് കേസിൽ നിർണായക തെളിവായി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ, ആർ.കെ രാഖി, ദേവിക അനിൽ എന്നിവർ ഹാജരായി.
ഇതിനിടെ വിധി കേൾക്കാനെത്തിയ പ്രതിഭാഗവും വാദി ഭാഗവും കോടതിക്ക് മുന്നിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ െപാലീസുകാർക്കും പരിക്കുപറ്റി. മൂന്നുപേരെ െപാലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.