കൊട്ടാരക്കര: യുവാവിനെ തട്ടിക്കൊണ്ടുപോയി മരുതിമലയിലെത്തിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒമ്പതുപേർ പിടിയിൽ. കഴിഞ്ഞ ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കുമുന്നിൽ നിന്ന വെളിയം സ്വദേശി അഖിലിനെ (23) യാണ് തട്ടിക്കൊണ്ടുപോയി ക്രൂരമർദനത്തിനിരയാക്കിയത്. അമ്പലപ്പുറം പൊയ്കവിള വീട്ടിൽ അഭിലാഷ് (30), വെളിയം മുക്കാലിൽ ബാബുഭവനത്തിൽ വിഷ്ണു (19), ഓടനാവട്ടം തൃക്കാർത്തിക വിഷ്ണു (22), ഓടനാവട്ടം ചരുവിള പുത്തൻ വീട്ടിൽ അനന്ദു (24), പ്ലാപ്പള്ളി കിഴക്കേവിളയിൽ അരുൺ (24), ഓടനാവട്ടം ചൂതുപറമ്പ് വീട്ടിൽ രാഹുൽ (22), ഇ.ടി.സി ലക്ഷം വീട് കോളനിയിൽ നാദിർഷ (20), അമ്പലപ്പുറം ഇ.ടി.സി ലക്ഷം വീട്ടിൽ സജീർ (20), അമ്പലപ്പുറം ഇ.ടി.സി ഷഹന മൻസിൽ മുഹമ്മദ് ഷഹൻ (20) എന്നിവരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
മരുതിമലയുടെ പടിഞ്ഞാറെ വശത്തുവെച്ച് ഓടനാവട്ടം സ്വദേശിയും മുൻ കേസിലെ പ്രതിയുമായ സജീറിന്റെ ബൈക്ക് അഖിലും സുഹൃത്ത് വിഷ്ണുവും നശിപ്പിക്കുകയും സജീറിനെയും സുഹൃത്ത് ആദർശിനെയും ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടർന്ന്, ബൈക്ക് ഓടിച്ചുപോയ അഖിലും സുഹൃത്ത് വിഷ്ണുവും വെളിയത്തിനു സമീപത്തായി അപകടത്തിൽപെട്ടു. ഇവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി എത്തി. അഖിൽ താലൂക്ക് ആശുപത്രിയുടെ മുന്നിൽ നിൽക്കെ, കാറിലെത്തിയ പ്രതികൾ ബലമായി പിടിച്ച് വാഹനത്തിൽ കയറ്റി. അഖിലിനെ വാഹനത്തിൽ വെച്ച് ക്രൂരമായി മർദിച്ചു.
തുടർന്ന്, മരുതിമലയിലെത്തിച്ചും മർദനം തുടർന്നു. സംഭവമറിഞ്ഞ് പൂയപ്പള്ളി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനുകളിൽ നിന്നായി പൊലീസ് മരുതി മലയിലെത്തി. മരുതിമലയുടെ അടിവാരത്ത് പൊലീസിനെ കണ്ട പ്രതികൾ അഖിലിനെ മലയുടെ മുകൾ ഭാഗത്തേക്ക് കൊണ്ടുപോയി. കൊട്ടാരക്കയിൽ നിന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. പൊലീസ് മലയുടെ മുകളിലേക്ക് വരുന്നതുകണ്ട് പ്രതികൾ ഇരുട്ടത്ത് മറുഭാഗത്തുള്ള ചെറിയ വഴിയിലൂടെ അഖിലിനെ കടത്തിക്കൊണ്ടുപോയി. മരുതിമലയുടെ മറുവശത്തുകൂടി ഓടനാവട്ടം ചുങ്കത്തറ ഭാഗത്ത് അഖിലിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അന്വേഷണത്തിൽ പൊലീസ് പ്രതിയുടെ ഒമ്നി വാൻ കസ്റ്റഡിയിലെടുത്തു. സി.ഐ പ്രശാന്ത് വി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.