മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ മധുവിനെ കസ്റ്റഡിയിലെടുത്ത എസ്.ഐ പ്രസാദ് വർക്കിയെ മണ്ണാർക്കാട് എസ്.സി, എസ്.ടി പ്രത്യേക കോടതി പുനർവിസ്തരിച്ചു. മധുവിനെ കസ്റ്റഡിയിൽ എടുത്തത് കള്ളനാണെന്ന ആരോപണം ഉള്ളതുകൊണ്ടല്ലേയെന്നും നിങ്ങൾ അറിഞ്ഞത് മധുവിനെ ഒരുസംഘം തടഞ്ഞുവെച്ചുവെന്നല്ലേ എന്നുമുള്ള പ്രതിഭാഗം ചോദ്യത്തിന് അതെയെന്നായിരുന്നു മറുപടി.
തടഞ്ഞുവെച്ചത് ആരൊക്കെയാണെന്ന് പറയാൻ പറ്റുമോയെന്നും മുക്കാലിയിൽ ആരെങ്കിലും മധുവിനെ ദേഹോപദ്രവം ചെയ്തതായി പ്രഥമവിവര മൊഴിയിൽ (എഫ്.ഐ.എസ്) പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും പറഞ്ഞു.
ഒന്നാം പ്രതി ഹുസൈൻ മധുവിനെ ചവിട്ടി എന്ന് മജിസ്ട്രേറ്റിന് മൊഴി കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഹുസൈൻ ചവിട്ടിയെന്ന് പറഞ്ഞിട്ടില്ലെന്നും ഒരാൾ എന്നെ ചവിട്ടി എന്നാണ് പറഞ്ഞതെന്നും എസ്.ഐ പറഞ്ഞു. കസ്റ്റഡി മരണം എന്ന ആരോപണം സംബന്ധിച്ച് ഐ.ജി മൊഴിയെടുത്തിട്ടുണ്ടെന്നും മറുപടി പറഞ്ഞു.
പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ മധുവിന്റെ ദേഹത്ത് കണ്ട പരിക്കുകൾ നിങ്ങൾ ജീപ്പിൽ വെച്ച് മർദിച്ചതുകൊണ്ടാണ് എന്ന പ്രതിഭാഗം ചോദ്യം എസ്.ഐ നിഷേധിച്ചു. മധുവിനെ കസ്റ്റഡിയിലെടുത്തപ്പോൾ ആദ്യം സ്റ്റേഷനിലേക്ക് കൊണ്ടുപോവാനാണ് ഉദ്ദേശിച്ചത്. എന്നാൽ, മധു കൂടുതൽ അവശനായതുകൊണ്ടാണ് ആശുപത്രിയിൽ കാണിക്കാൻ തീരുമാനിച്ചതെന്നും എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.