നിലമ്പൂർ: പോക്സോ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഇരയുടെ വിവരം വെളിപ്പെടുത്തുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ചയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൂടത്തായി സ്വദേശി ശ്രീധരൻ ഉണ്ണിയെ (ശ്രീധരൻ ഇളമന -40) ആണ് വഴിക്കടവ് സബ് ഇൻസ്പെക്ടർ ഒ.കെ. വേണു അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം ഇരയുടെ വിവരം വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് യുവാവ് ഇത്തരത്തിൽ സമൂഹ മാധ്യമം വഴി വിഡിയോ പ്രചരിപ്പിച്ചത്.
പോക്സോ നിയമപ്രകാരം വഴിക്കടവ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമീഷനും ചെൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതികൾ ലഭിച്ചിരുന്നു. വഴിക്കടവ് ഇൻസ്പെക്ടർ പി. അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച്, സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചയാളുകളെ കണ്ടെത്താനായി നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതി കോഴിക്കോട്ടുനിന്ന് പിടിയിലായത്. വിഡിയോ ചിത്രീകരിച്ച വഴിക്കടവ് വട്ടപ്പാടം സ്വദേശി സൽമാൻ സല്ലുവിനെ നേരത്തേ വഴിക്കടവ് പൊലീസ് ഇതേ കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.
പ്രതി റെക്കോഡ് ചെയ്ത് പങ്കുവെച്ച വിഡിയോ നിരവധി ആളുകൾ ഡൗൺലോഡ് ചെയ്ത് ഷെയർ ചെയ്തിട്ടുണ്ട്. ഷെയർ ചെയ്തയാളുകളെ പൊലീസ് നിരീക്ഷിച്ചു വരവെയാണ് കൂടത്തായി സ്വദേശി അറസ്റ്റിലാകുന്നത്. പ്രത്യേക അന്വേഷണ സംഘത്തിൽ വഴിക്കടവ് എ.എസ്.ഐ കെ. മനോജ്, പൊലീസുകാരായ ഇ.എൻ. സുധീർ, കെ. അഭിലാഷ്, എസ്. പ്രശാന്ത് കുമാർ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.