കൊല്ലം: പ്രമുഖ സ്വകാര്യ ബാങ്കിലെ അക്കൗണ്ടിൽ തിരിമറി നടത്തി കോടികൾ തട്ടിയെടുത്ത കേസിൽ ഒരാൾ പൊലീസ് പിടിയിൽ. തിരുവനന്തപുരം വെമ്പായം കൊഞ്ചിറ പോക്കുന്നിൽ സജീബ് മൻസിലിൽ സാജിദാണ് (36) ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്.
ശക്തികുളങ്ങരയിലെ പ്രമുഖ സ്വകാര്യ ബാങ്കിൽനിന്ന് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ സ്ഥിരനിക്ഷപം നടത്തിയിരുന്ന 11 പേരുടെ അക്കൗണ്ടുകളിൽനിന്നാണ് തിരിമറി നടത്തി പണം അപഹരിച്ചത്.ഈ കാലയളവിലെ ശക്തികുളങ്ങര ശാഖയിലെ ബാങ്ക് മാനേജറും സാജിദും അടക്കം അഞ്ചുപേർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്.ശക്തികുളങ്ങര സ്റ്റേഷനിൽ നിലവിലെ ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ വ്യാപ്തി വ്യക്തമായത്.
11 അക്കൗണ്ടുകളിൽനിന്നായി 1,75,37,183 രൂപ ഉടമകൾ അറിയാതെ ഓവർ ഡ്രാഫ്റ്റായി പ്രതികൾ വ്യാജമായി നിർമിച്ച ഐ.ടി കമ്പനിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഈ പണം അഞ്ചുപേരും ചേർന്ന് വീതിച്ചെടുക്കുകയും ചെയ്തു. ഇവർ പണമിടപാട് നടത്തിയ ഐ.ടി കമ്പനി വ്യാജമായി നിർമിച്ചതാണെന്നും തട്ടിപ്പിൽ ബാങ്ക് മാനേജർക്ക് സഹായം നൽകിയ നാലുപേർ കൂടി ഉണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.തട്ടിപ്പ് നടത്തിയ ബാങ്ക് മാനേജർ ഉൾപ്പെടെ ബാക്കി പ്രതികൾ നിലവിൽ വിദേശരാജ്യത്ത് ഒളിവിലാണ്.
സാജിദ് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടയിലാണ് ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്. കേസിലെ ബാക്കി പ്രതികളെ ഉടൻതന്നെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് മേധാവി ടി. നാരായണൻ അറിയിച്ചു.
കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്‍റെ മേൽനോട്ടത്തിൽ ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിന്‍റെ നേതൃത്വത്തിൽ എസ്.ഐ ഐ.വി. ആശ, എ.എസ്.ഐമാരായ അനിൽകുമാർ, ഡാർവിൻ, എസ്.സി.പി.ഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.