മണപ്പുറത്തെ കച്ചവടക്കാർ മദ്യലഹരിയിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് വടുതലയിൽ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ദിലീപാണ് (45) മരിച്ചത്. പ്രതികളായ മണപ്പുറത്ത് കച്ചവടം നടത്തുന്ന തോട്ടക്കാട്ടുകര ഓൾഡ് ദേശം റോഡിൽ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മാളിയേക്കൽ സലീം (65), ദിലീപിന്റെ ബന്ധു കടവന്ത്ര ഉദയനഗർ കോളനിയിൽ വാടകക്ക് താമസിക്കുന്ന രാജ് കുമാർ (രാജു -50) എന്നിവരെ അറസ്റ്റ് ചെയ്തു. പൊതുവിൽ പ്രശ്നപ്രദേശമായ ഇവിടെ നഗരസഭ ശിവരാത്രിയോടനുബന്ധിച്ച് അനധികൃതമായി സ്റ്റാളുകൾ നൽകുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. ഈ അലംഭാവമാണ് ശിവരാത്രിക്കുശേഷം സാമൂഹികവിരുദ്ധർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കിയതെന്നാണ് ആരോപണം. ചൊവ്വാഴ്ച കൊലപാതകത്തിന് വഴിവെച്ചതും ഇതാണ്. ജില്ല ഭരണകൂടം കർശന നിർദേശം നൽകിയിട്ടും അനധികൃതമായാണ് മണപ്പുറത്ത് കച്ചവടത്തിന് നഗരസഭ അനുമതി നൽകിയത്. ദേവസ്വം ബോർഡ് സ്ഥലത്ത് കഴിഞ്ഞ ഒന്നിന് നടന്ന ശിവരാത്രിയുമായി ബന്ധപ്പെട്ട് നാലുദിവസം മാത്രം അനുമതി നൽകിയപ്പോൾ റവന്യൂ വകുപ്പിന്‍റെ ഉടമസ്ഥതയിലെ സ്ഥലത്ത് അനധികൃതമായി ആഴ്ചകളോളം അമ്പതിലേറെ സ്റ്റാളുകളിൽ കച്ചവടം നടത്തി. ശിവരാത്രി ദിവസം കച്ചവടത്തിനെത്തി അനധികൃതമായി ഷെഡ് കെട്ടിയവരെ ഒഴിപ്പിക്കാൻ നഗരസഭ നടപടി സ്വീകരിച്ചില്ല. നഗരസഭ ആരോഗ്യവിഭാഗം ഇവരിൽനിന്ന് ലൈസൻസ് ഫീസ് പിരിച്ച് അംഗീകാരം നൽകുകയും ചെയ്തു. രേഖകളില്ലാതെയും പണം പിരിച്ചതായി പറയപ്പെടുന്നു.
മൂന്നാഴ്ച പിന്നിട്ടിട്ടും കച്ചവടക്കാരെ ഒഴിപ്പിക്കാൻ നഗരസഭ തയാറായില്ല. ഇത് കച്ചവടക്കാരിലെ സാമൂഹികവിരുദ്ധർക്ക് സൗകര്യമായി. പകൽ മദ്യപാനവും മറ്റു സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും മണപ്പുറത്ത് നടക്കുന്നുണ്ടെന്ന് പരിസരവാസികൾ ആരോപിക്കുന്നു. ദേവസ്വം ബോർഡിന്‍റെ സ്ഥലത്തുനിന്ന് കച്ചവടക്കാർ ഒഴിയാൻ വിമുഖത കാണിച്ചെങ്കിലും ഉദ്യോഗസ്ഥർ കർശന നിലപാട് സ്വീകരിച്ചപ്പോൾ പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.