കൊച്ചി: അവയവദാനത്തിന്റെ പേരിൽ നിരവധി രോഗികളിൽനിന്നും ബന്ധുക്കളിൽനിന്നും പണം തട്ടിയ കാസർകോട് ജില്ലക്കാരൻ അറസ്റ്റിൽ. കാസർകോട് ബലാൽ വില്ലേജിലെ പി.കെ. സബിനാണ് (25) ചേരാനല്ലൂർ പൊലീസിന്റെ പിടിയിലായത്. എറണാകുളത്തെ പ്രമുഖ ആശുപത്രിയിൽ കരൾ തകരാറിലായി ചികിത്സയിലുള്ള വ്യക്തിയുടെ സഹായത്തിനായി ഫേസ്ബുക്കിലൂടെ നൽകിയ വാർത്ത കണ്ടാണ് സബിൻ ഇത്തരത്തിലുള്ള തട്ടിപ്പിന് തുടക്കം കുറിച്ചത്.
ഇയാൾ രോഗിക്ക് കരൾ നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് ഇയാളുടെ രക്തഗ്രൂപ് വേറെയായതിനാൽ രോഗിയോട് അനുയോജ്യമായ രക്തഗ്രൂപ്പുള്ള സുഹൃത്തിനെ പ്രതി തന്റെ പേരിൽ ലാബിൽ അയച്ച് റിപ്പോർട്ട് സംഘടിപ്പിക്കുകയും രോഗിയുടെയും ബന്ധുക്കളുടെയും വിശ്വാസം ആർജിച്ച് അവരിൽനിന്ന് പണം തട്ടുകയുമായിരുന്നു. രണ്ട് വൃക്കയും തകരാറിലായ മറ്റൊരു രോഗിക്ക് വൃക്ക വാഗ്ദാനം ചെയ്ത് രോഗിയുടെ രക്തഗ്രൂപ്പുമായി ചേർന്ന് പോകുന്ന രക്തഗ്രൂപ് അടങ്ങിയ ബയോഡേറ്റ വ്യാജമായി നിർമിച്ചും ഇയാൾ പണം അപഹരിച്ചിട്ടുണ്ട്.
കൂടാതെ പ്രതി വിദേശ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം തട്ടിയതായും സൂചനയുണ്ട്. ചേരാനല്ലൂർ പൊലീസ് ഇൻസ്പെക്ടർ കെ. ബ്രിജുകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ.എക്സ്. തോമസ്, സാം ലെസി, വിജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് നസീർ, സിഘോഷ്, ദിനൂപ്, സൈജു, സനുലാൽ, സുജിമോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.