മഞ്ചേരി: നഗരത്തിൽ അന്തർ സംസ്ഥാന തൊഴിലാളി റാം ശങ്കർ കൊല്ലപ്പെട്ട കേസിൽ മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാനായത് പൊലീസിന്റെ അന്വേഷണ മികവിനാൽ. സംഭവം നടന്ന് 24 മണിക്കൂറിനകമാണ് അനിൽ കസ്ദേകർ, ഗോലു തമിദിൽക്കർ എന്നീ പ്രതികളെ പിടികൂടിയത്.
പ്രതികൾ കടന്നുകളയാൻ സാധ്യതയുള്ളതിനാൽ സംശയമുള്ളവരെയെല്ലാം ആദ്യ മണിക്കൂറിൽ തന്നെ കസ്റ്റഡിയിലെടുത്തു. തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന കുത്തുകൽ ഭാഗത്തെ കെട്ടിടങ്ങളിലെല്ലാം പരിശോധന നടത്തി. മൃതദേഹത്തിലെ പരിക്കുകളും കൊലപാതകത്തിന് ഉപയോഗിച്ച രീതിയും ആദ്യഘട്ടത്തിൽ തന്നെ ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് അന്വേഷണം തിരിയാൻ ഇടയാക്കി. ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സംഭവം നടന്ന പ്രദേശത്തെ വ്യാപാരികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
കൊലപാതക ശേഷം രണ്ട് പേർ നടന്നുവരുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി പരിശോധിച്ചതിലൂടെ കൂടുതൽ വിവരങ്ങളും ലഭ്യമായി. പ്രതികളെന്ന് സംശയിക്കുന്നവർ സമീപത്തെ കടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തിയത് വ്യാപാരികൾ പൊലീസിനെ അറിയിച്ചു.
ഇതിനിടെ 30 അന്തർ സംസ്ഥാന തൊഴിലാളികളെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. കൊല്ലപ്പെട്ട ശങ്കറിന്റെ ഫോൺ ചാർജ് ചെയ്യാൻ ഞായറാഴ്ച സുഹൃത്തായ തമിഴ്നാട് സ്വദേശിയുടെ കൈവശം ഏൽപ്പിച്ചിരുന്നു. അന്ന് രാത്രിയാണ് ശങ്കർ കൊല്ലപ്പെടുന്നത്. സംഭവ ശേഷം ഫോൺ പൊലീസിന് ലഭിച്ചെങ്കിലും എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്തിരുന്നു. ഇതിനെ കേന്ദ്രീകരിച്ചായി ആദ്യ അന്വേഷണം. തമിഴ്നാട് സ്വദേശിയെ ചോദ്യം ചെയ്തു.
ഫോണിൽ നിന്ന് വിവരങ്ങൾ ഡിലീറ്റ് ചെയ്തതിന് കൊലപാതകവുമായി ബന്ധമില്ലെന്ന് പിന്നീട് തെളിഞ്ഞു. പിന്നീട് ഡിവൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എം ബിനീഷിന്റെ നേതൃത്വത്തിലുള്ള ടീമുമാണ് പ്രതികളെ പിടികൂടിയത്. എ.എസ്.പി. പി.ബി കിരൺ, എസ്.ഐമാരായ കെ.ബഷീർ, സജീവ്, എ.എസ്.ഐമാരായ ഗിരീഷ്, ഗിരീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് ചാക്കോ, തൗഫീഖ് മുബാറക്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്.ഐ പ്രമോദ്, എസ്.സി.പി.ഒമാരായ ഐ.കെ. ദിനേഷ്, പി. മുഹമ്മദ് സലീം, കെ.കെ. ജസീർ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.