സുൽത്താൻ ബത്തേരി: മൈസൂരുവിലെ പാരമ്പര്യ നാട്ടുവൈദ്യൻ ഷാബ ശരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിട്ട. എസ്.ഐയുടെ കോളേരിയിലെ വീട്ടിൽ നിലമ്പൂർ പൊലീസിന്റെ പരിശോധന. റിട്ട. എസ്.ഐ കോളേരി ശിവഗംഗയിൽ സുന്ദരൻ സുകുമാരൻ, കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫ് പിടിയിലായതോടെ മുങ്ങിയിരിക്കുകയാണ്.
ഷൈബിന്‍ അഷ്‌റഫിന് ഉപദേശങ്ങള്‍ നല്‍കിയിരുന്നത് സുന്ദരനാണെന്നു കൂട്ടുപ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച പൊലീസെത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. ഭാര്യയും മകളും ബന്ധുവീട്ടിലാണെന്നു മനസ്സിലാക്കിയതോടെ അവരെ വിളിച്ചുവരുത്തിയാണ് പൊലീസ് വീടിനുള്ളിൽ പ്രവേശിച്ചത്.
രണ്ടു മണിക്കൂറിലേറെ നിലമ്പൂർ എസ്.ഐ അസൈനാരും സംഘവും വീട്ടിൽ പരിശോധന നടത്തി. ഉച്ചകഴിഞ്ഞു രണ്ടരയോടെ തുടങ്ങിയ പരിശോധന വൈകീട്ട് അഞ്ചുവരെ നീണ്ടു. കൊലപാതകം സംബന്ധിച്ച എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയാണ് പൊലീസിനുണ്ടായിരുന്നത്.
നിർണായക വിവരങ്ങളുള്ള രണ്ട് ഡയറികൾ പൊലീസിന് കിട്ടിയതായി സൂചനയുണ്ട്. പൂതാടി പഞ്ചായത്ത് കോളേരി വാർഡിലെ മെംബർ മിനി പ്രകാശനെയും നിലമ്പൂർ പൊലീസ് വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ജനപ്രതിനിധിയുടെ സാന്നിധ്യം ഉറപ്പുവരുത്തി ആക്ഷേപങ്ങൾക്കുള്ള പഴുത് ഇല്ലാതാക്കാനായിരുന്നു ഇത്. നിലമ്പൂർ പൊലീസിന് വഴികാട്ടി കേണിച്ചിറ പൊലീസും സ്ഥലത്തെത്തി.
വിവാദ ബിസിനസുകാരനായ ഷൈബിന്റെ അടുത്ത കൂട്ടാളിയായാണ് റിട്ട. എസ്.ഐ സുന്ദരൻ അറിയപ്പെട്ടിരുന്നത്. സർവിസിലിരിക്കെ വഴിവിട്ട സഹായങ്ങൾ ഷൈബിന് ചെയ്തിരുന്നതായാണ് ആരോപണം. ഹൈകോടതിയിൽ ഇദ്ദേഹം മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി വിവരമുണ്ട്. സുന്ദരനും കുടുംബത്തിനും അയൽക്കാരോട് വലിയ സമ്പർക്കമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.