പെരിന്തൽമണ്ണ: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. പൂഞ്ഞാർ സ്വദേശി കീരിയാനിക്കൽ സുനിൽ (43) ആണ് അറസ്റ്റിലായത്. ബസ് സ്റ്റാന്‍ഡുകള്‍, ഹോസ്പിറ്റല്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രതികള്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത്. മാല പൊട്ടിക്കാൻ വേണ്ടി യാത്ര ചെയ്ത ശേഷം ബൈക്കുകൾ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ചുവെക്കും. പെരിന്തല്‍മണ്ണ അൽശിഫ ആശുപത്രി പരിസരത്തുനിന്ന് ബൈക്ക് മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
ജൂണിൽ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ സുനില്‍ എന്ന കീരി സുനിയും സുഹൃത്തും ചേര്‍ന്നാണ് കവര്‍ച്ച നടത്തുന്നതെന്ന് വ്യക്തമായി. ജില്ല അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയതിന്‍റെ ഭാഗമായി, കീരി സുനി മോഷ്ടിച്ച ബൈക്കില്‍ പെരിന്തല്‍മണ്ണയിലേക്ക് വരുന്നതായി വിവരം ലഭിക്കുകയും പെരിന്തല്‍മണ്ണയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂട്ടുപ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
പ്രതിയെ ചോദ്യം ചെയ്തതില്‍ വാടാനാംകുർശ്ശിയിൽ നടന്ന മാല മോഷണ കേസിനും തുമ്പായി. പ്രതികൾക്കെതിരെ തിരുവല്ല, മാവേലിക്കര, മാള, പൂച്ചക്കല്‍, വിയ്യൂര്‍, എലവുംതിട്ട, മതിലകം, പേരാമംഗലം, ആളൂര്‍, ഗുരുവായൂര്‍, മങ്കര, അന്തിക്കാട്, ആലപ്പുഴ സൗത്ത്, മണ്ണാഞ്ചേരി തുടങ്ങി 30ഓളം സ്ഥലങ്ങളിൽ മാല പൊട്ടിക്കല്‍, ബൈക്ക് മോഷണം കേസുകൾ നിലവിലുണ്ട്. കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.