മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പിൽ ജലീൽ കൊലപാതക കേസിലെ ഒന്നാം പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ ഒരു വർഷത്തിനു ശേഷം പിടിയിലായി. ആറു പേരെയാണ് മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, മഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെ.ആർ എന്നിവരുടെ നേതൃത്വത്തിൽ പോണ്ടിച്ചേരി, എറണാകുളം, താനൂർ, മഞ്ചേരി എന്നിവടങ്ങലിൽ നിന്നായി പിടികൂടിയത്.
പോണ്ടിച്ചേരിയിൽ നിന്നും തിരൂർ കൂട്ടായി സ്വദേശി പൊന്നക്കടവത്ത് വീട്ടിൽ അബ്ദുൽ ഫർഹാൻ (32), മഞ്ചേരി കിഴക്കേത്തല സ്വദേശി കോഴിത്തോടി ജംഷീർ, മഞ്ചേരി കിഴക്കെത്തല കിണറ്റിങ്ങൽ വീട്ടിൽ അബ്രാസ് (28), താനൂർ മൂസിന്റെ പുരക്കൽ വീട്ടിൽ തൗഫീഖ് (32), തിരൂർ കൂട്ടായി സ്വേദേശി പൊ ന്നാകടവത്ത് വീട്ടിൽ ഫൈസൽ (43), താനൂർ പുതിയ കടപ്പുറം സ്വേദേശി പുരക്കൽ വീട്ടിൽ വാഹിദ് (34) എന്നിവരാണ് പിടിയിലായത്.
2022ലാണ് നെല്ലിക്കുത്ത് താമരശ്ശേരിയിൽവെച്ച് മഞ്ചേരി മുൻസിപ്പാലിറ്റി കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ കൊല്ലപ്പെട്ടത്. കേസിൽ ഒന്നാം പ്രതിയായ നെല്ലിക്കുത്ത് സ്വദേശി കോട്ടക്കുത്ത് മാട്ടായിൽ വീട്ടിൽ ശുഹൈബ് എന്ന കൊച്ചുവിനെയും സുഹൃത്ത് അബ്ദുൽ ലത്തീഫിനെയും 2023 ഡിസംബറിൽ നെല്ലിക്കുത്ത് വെച്ച് ഒരു സംഘം വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
ശുഹൈബും അബ്ദുൽ ലത്തീഫും റോഡരികിൽ ഓട്ടോയിൽ ഇരുന്ന് ഒരുമിച്ച് മദ്യപിക്കുന്ന സമയത്തായിരുന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഞ്ചംഗസംഘം ഇരുവരെയും ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചത്. ലത്തീഫ് ഓടി രക്ഷപെട്ടു. ശുഹൈബിനെ പ്രതികൾ ശരീരമാസകലം വെട്ടിവീഴ്ത്തി കാറിൽ രക്ഷപെടുകയായിരുന്നു.
മഞ്ചേരി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് മലപ്പുറം ജില്ല പോലീസ് മേധാവി ആർ. വിശ്വനാഥന്‍റെ നിർദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്.പി ടി.എസ് സിനോജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, എസ്.ഐ ജസ്റ്റിൻ കെ.ആർ, താനൂർ ഡാൻസാഫ് എസ്.ഐ പ്രമോദ്, ജി.എസ്.ഐ സത്യപ്രസാദ്, എ.എസ്.ഐമാരായ ഗിരീഷ് കുമാർ, അനീഷ് ചാക്കോ പൊലീസ് ഉദ്യോഗസ്ഥരായ ദിനേഷ് ഐ.കെ, സലീം പി., ജസീർ കെ., പ്രബിഷ്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ജലീലിനെ കൊലപ്പെടുത്തിയതിലുള്ള വിരോധത്തിൽ ജലീലിന്റെ സുഹൃത്തുക്കളായ ജംഷീറും മഹ്‌റൂഫും ചേർന്ന് ക്വട്ടേഷൻ ഏൽപ്പിക്കുകയായിരുന്നു. കിഴക്കേത്തലയിലെ അബ്രാസിന്റെ താനൂരിൽ ഉള്ള സുഹൃത്തായ തൗഫീഖിനെ പ്രതികാരം ചെയ്യുന്നതിന് വേണ്ടി ക്വട്ടേഷൻ ഏൽപ്പിക്കുകയും തൗഫീഖ് നിരവധി കേസിൽ ഉൾപ്പെട്ട ഫൈസലിന്റെ ക്വട്ടേഷൻ സംഘാംഗങ്ങളെ കൃത്യം നടത്താൻ ഏൽപ്പിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.