മംഗളൂരു: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അധിക്ഷേപിച്ചും പ്രകോപനപരമായും പ്രസംഗം നടത്തിയതിന് ഉത്തരേന്ത്യയിൽ നിന്നുള്ള ആധ്യാത്മിക പ്രഭാഷക മീനാക്ഷി സെഹ്‌രാവത്തിത്തിനെതിരെ ഉഡുപ്പി പൊലീസ് കേസെടുത്തു. പരിപാടി സംഘടിപ്പിച്ച അടമരു മഠം അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ ഗോവിന്ദരാജുവാണ് കേസിൽ രണ്ടാം പ്രതി. ഉഡുപ്പി പൂർണപ്രജ്ഞ ഓഡിറ്റോറിയത്തിൽ നടന്ന പ്രിപാടിക്കെതിരെ പൊലീസ് സ്വമേധയാ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
“വിശ്വാർപ്പണം” പരിപാടിയിൽ സെഹ്‌രാവത് ഹിന്ദിയിൽ “ബംഗ്ലാ പാത” എന്ന വിഷയത്തിൽ സംസാരിക്കുന്നതിനിടെയാണ് പ്രകോപന പരാമർശങ്ങൾ നടത്തിയതെന്ന് ഉഡുപ്പി സിറ്റി പൊലീസ് സബ് ഇൻസ്‌പെക്ടർ ബി.ഇ പുനിത് കുമാർ പറഞ്ഞു. സമൂഹത്തിൽ അശാന്തി സൃഷ്ടിച്ചും പ്രകോപനം സൃഷ്ടിച്ചും സമുദായങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന രീതിയിൽ പ്രസംഗിച്ചതിന് 353 (2), 3 (5) വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്.
ചരിത്രത്തെക്കുറിച്ച് ശരിയായ രീതിയിൽ അറിവ് നൽകിയില്ലെങ്കിൽ പെൺകുട്ടികൾ ആസിഫുകളുടെ കെണിയിൽ അകപ്പെടുകയും ആസിഫകളായി മാറുകയും ചെയ്യുമെന്നാണ് അവർ പ്രസംഗത്തിൽ പറഞ്ഞത്. പാകിസ്താൻ സൃഷ്ടിക്കുന്നതിൽ മുഹമ്മദലി ജിന്നയെ പിന്തുണച്ച മഹാത്മാഗാന്ധിയെ 'രാഷ്ട്രപിതാവ്' എന്ന് വിളിക്കാനാവില്ല. ജനസംഖ്യയുടെ 20ശതമാനം പേർക്ക് അനുകൂലമായി മഹാത്മാഗാന്ധി ശിവാജി മഹാരാജിനെ അടിസ്ഥാനമാക്കിയുള്ള ശിവ ഭവാനി കവിത നിരോധിക്കുന്നതിനെ അനുകൂലിച്ചു. വന്ദേമാതരം നിരോധിച്ചുവെന്നും ഹിന്ദുക്കളെ ദുർബലപ്പെടുത്താൻ ഗാന്ധി അഹിംസ അല്ലെങ്കിൽ അഹിംസ പരമോധർമ്മ തത്വം വാദിച്ചെന്നും അവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.