ആലുവ: ആലുവയിൽ പട്ടാപ്പകൽ വൻ മോഷണം. വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു. തിങ്കളാഴ്ച രാവിലെ 11.30നും വൈകീട്ട് അഞ്ചിനും ഇടയിലാണ് മോഷണം നടന്നത്. ചെമ്പകശ്ശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹീം കുട്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. എട്ടര ലക്ഷം രൂപയും 40 പവനുമാണ് നഷ്ടമായത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് പണവും സ്വർണവും കവർന്നത്.
പഴയ കെട്ടിടങ്ങൾ പൊളിക്കുന്ന ബിസിനസുകാരനാണ് ഇബ്രാഹീംകുട്ടി. അദ്ദേഹം രാവിലെ ജോലിക്ക് പോയി.
രാവിലെ 11.30ഓടെ ഭാര്യ ആശുപത്രിയിലും പോയി. വൈകീട്ട് അഞ്ചിന് അവർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം പുറത്തേക്ക് വലിച്ചുവാരി ഇട്ട നിലയിലായിരുന്നു. സമീപത്ത് വീടുകളുണ്ടെങ്കിലും ആരും അറിഞ്ഞില്ല.
ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ജനവാസ കേന്ദ്രത്തിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. ഇത് നഗരവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.