ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്ന നഴ്സിനെ, വീട്ടിലേക്ക് മടങ്ങുംവഴി ബലാത്സംഗം ചെയ്ത് കൊന്നു. ജൂലൈ 30ന് ആശുപത്രിയിൽനിന്ന് മടങ്ങിയ യുവതിയെ കാണാനില്ലെന്ന് കാണിച്ച് പിറ്റേദിവസം സഹോദരി പരാതി നൽകുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആഗസ്റ്റ് എട്ടിന് വീടിന് ഒന്നര കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 11കാരിയായ മകൾക്കൊപ്പമായിരുന്നു നഴ്സ് കഴിഞ്ഞുവന്നിരുന്നത്.
കൊല്ലപ്പെട്ട യുവതിയുടെ മൊബൈൽ ഫോണുമായി കടന്നകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബറേലിയിൽനിന്നുള്ള ധർമേന്ദ്രയെ രാജസ്ഥാനിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ ട്രാക്ക് ചെയ്താണ് പൊലീസ് പ്രതിയെ പിടികൂടിയത്. കൂലിപ്പണിക്കാരനാണ് ഇയാൾ. സംഭവദിവസം മദ്യലഹരിയിലായിരുന്ന പ്രതി യുവതിയെ അപ്പാർട്ട്മെന്‍റിൽ കയറുന്നതിനു മുമ്പ് ക്രൂരതക്ക് ഇരയാക്കുകയായിരുന്നു.
ബലപ്രയോഗത്തിലൂടെ യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച ധർമേന്ദ്ര, ബലാത്സംഗം ചെയ്യുകയും പിന്നീട് സ്കാർഫ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു. കൊലപാതകത്തിനു പിന്നാലെ യുവതിയുടെ പേഴ്സിൽനിന്ന് 3000 രൂപയും ഫോണും മോഷ്ടിച്ച ശേഷമാണ് പ്രതി കടന്നതെന്ന് പൊലീസ് പറഞ്ഞു. കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.