കാഞ്ഞങ്ങാട്: ബാങ്ക് അക്കൗണ്ടുകൾ വാടകക്കെടുത്ത് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ ജില്ലയിൽ സജീവം. ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ യുവാക്കളിൽനിന്ന് ബാങ്ക് അക്കൗണ്ടുകൾ വാങ്ങുകയോ വാടകക്ക് എടുക്കുകയോ ചെയ്യുന്നുണ്ടെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഭാഗങ്ങളിൽനിന്ന് പൊലീസ് ഏതാനും യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഓൺലൈൻ തട്ടിപ്പുസംഘങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളെല്ലാം പൊലീസ് നിരീക്ഷിച്ചുവരുന്നുണ്ട്.
ജില്ലയിലെ കൗമാരക്കാരായ നിരവധിപേരുടെ അക്കൗണ്ടുകൾ ഓൺലൈൻ തട്ടിപ്പുസംഘം വാങ്ങി അതിലൂടെ പണമിടപാടുകൾ നടത്തുന്നതായാണ് കണ്ടെത്തൽ. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ വിദ്യാർഥികളുടെയും യുവാക്കളുടെയും അക്കൗണ്ടുവഴി കോടികളുടെ ഇടപാട് നടത്തി പണം പിൻവലിച്ചിട്ടുണ്ടെന്നാണ് വിവരം.
കേരളത്തിലെയും തമിഴ്നാട്ടിലെയും ഓൺലൈൻ തട്ടിപ്പുസംഘങ്ങളാണ് ജില്ലയിലെ യുവാക്കളുടെ ബാങ്ക് അകൗണ്ടുകൾ വാടകക്കെടുത്ത് പണം പിൻവലിച്ചത്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട്ടെത്തിയ തമിഴ്നാട് പ്രത്യേക പൊലീസ് അന്വേഷണസംഘം ഇത്തരത്തിൽ അക്കൗണ്ടുവഴി ഓൺലൈൻ തട്ടിപ്പുസംഘങ്ങൾക്ക് പണം കൈമാറി നൽകിയ തീരദേശത്തെ യുവാവിനെ കസ്റ്റഡിയിലെടുത്തു.
കാഞ്ഞങ്ങാട് സ്വദേശിയായ മറ്റൊരു യുവാവിനെ മലപ്പുറം പൊലീസും കഴിഞ്ഞദിവസം കാഞ്ഞങ്ങാടുനിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂളിയങ്കാൽ സ്വദേശിയായ യുവാവിനെ രണ്ടാഴ്ച മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാഞ്ഞങ്ങാട് നഗരസഭ, അജാനൂർ, പള്ളിക്കര പഞ്ചായത്തുകളിലെ യുവാക്കളുടെ അക്കൗണ്ടുവഴിയും സംഘം പണം പിൻവലിച്ചതായാണ് വിവരം. ഇവരുടെ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്.
പുതിയ അക്കൗണ്ടുകൾ എടുപ്പിക്കുകയോ നിലവിലുള്ള അക്കൗണ്ടുകളുടെ പ്രവർത്തനം ഏറ്റെടുക്കുകയോ ചെയ്യുകയാണ് ഇവരുടെ രീതി. പുതിയ അക്കൗണ്ട് എടുക്കുകയാണെങ്കിൽ നൽകുന്ന ഫോൺ നമ്പർ ഇവരുടെ നിയന്ത്രണത്തിലുള്ളതാവും. നിലവിലുള്ള അക്കൗണ്ടുകളാണെങ്കിൽ ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പറുകൾ ബാങ്കിൽ അപേക്ഷ നൽകി മാറ്റും. എറണാകുളം കേന്ദ്രീകരിച്ചും സംഘത്തിന്റെ പ്രവർത്തനം നടക്കുന്നുണ്ട്.
വാടകക്ക് എടുക്കുന്ന അക്കൗണ്ടുകളിൽ ഉടമകൾക്ക് അക്കൗണ്ടിൽ വരുന്ന പണത്തിന്റെ ഒരു ശതമാനം നൽകാമെന്നാണ് വാഗ്ദാനം. ഇടക്കിടക്ക് യഥാർഥ അക്കൗണ്ട് ഉടമക്ക് ഇവർ കുറച്ച് പണം നൽകും.
കെണിയറിയാതെ തുച്ഛമായ തുക വാങ്ങി അക്കൗണ്ട് വിറ്റവർ ഇപ്പോൾ കെണിയിലായത്. ചെറിയ പണത്തിനു വേണ്ടി സ്വന്തം അക്കൗണ്ടുവഴി പണം പിൻവലിച്ചുനൽകിയവരാണ് പെട്ടിരിക്കുന്നത്. ചെറുപ്പക്കാർ തട്ടിപ്പിന്റെ ഗൗരവം അറിയാതെയായിരുന്നു പണം എടുത്തുനൽകിയത്. പലരും 20 ലക്ഷം രൂപ വരെ സംഘങ്ങൾക്ക് പിൻവലിച്ചുനൽകിയിട്ടുണ്ട്.
അക്കൗണ്ട് വിറ്റവരിൽ പലരും പൊലീസ് കസ്റ്റഡിയിലാണ്. എന്നാൽ, അക്കൗണ്ട് വാങ്ങിയവരെ ഒരാളെ പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പണത്തിന്റെ ആവശ്യത്തിനായാണ് സുഹൃത്തിന് അക്കൗണ്ട് എടുത്തുനൽകിയെതെന്ന് പിടിയിലാകുന്നവർ പറയുന്നു. പല സുഹൃത്തിനെയും ഇവർ നേരിൽ കണ്ടിട്ടുപോലുമില്ല.
ഇൻസ്റ്റയിലൂടെയോ ടെലിഗ്രാമിലൂടെയോ പരിചയപ്പെട്ടവരാണ് സുഹൃത്തുക്കൾ. ഇതരസംസ്ഥാനത്തെയും വിവിധ ജില്ലകളിൽനിന്നുമുള്ള പൊലീസ് സംഘം ജില്ല കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.