പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നെന്ന് കുടുംബം. ആശുപത്രി മാനേജ്മെന്‍റിന് വേണ്ടി ഒരുവിഭാഗം വാർത്തകൾ ചമക്കുകയാണ്. ചികിത്സപ്പിഴവ് വരുത്തിയ ഡോക്ടർമാരെ സംരക്ഷിക്കുന്ന ഐ.എം.എ നിലപാട് ശരിയല്ലെന്നും തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ മരിച്ച ഐശ്വര്യയുടെ ഭർത്താവ് രഞ്ജിത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഐശ്വര്യയുടെ ആരോഗ്യത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങൾ നൽകിയില്ല. അനുമതിപത്രങ്ങളിൽ ചികിത്സയുടെ പേര് പറഞ്ഞ് നിർബന്ധപൂർവം ഒപ്പുവാങ്ങി. ഗർഭപാത്രം നീക്കിയതുപോലും തങ്ങൾ അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് വിവരം അറിയിച്ചത്. ഗർഭപാത്രം നീക്കിയപ്പോൾ രക്തസ്രാവം നിന്നെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നെ എങ്ങനെയാണ് മരണകാരണം രക്തസ്രാവമാണെന്ന് പറയുന്നതെന്നും കുടുംബം ചോദിച്ചു.
പൊലീസ് അന്വേഷണത്തിൽ പൂർണവിശ്വാസമുണ്ട്. കൃത്യമായ രീതിയിൽ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ. പ്രസവസമയത്ത് ആവശ്യത്തിന് രക്തം ആശുപത്രി എത്തിച്ചെന്നത് കള്ളമാണ്. കുടുംബക്കാർ സ്വന്തം വാഹനത്തിൽ പോയാണ് സ്വകാര്യ ആശുപത്രികളിൽനിന്നടക്കം രക്തം കൊണ്ടുവന്നത്. രക്തം ആവശ്യമാണെന്ന് മുൻകൂട്ടി പറഞ്ഞിരുന്നില്ല. പ്രസവശേഷം ഐശ്വര്യയുടെ അവസ്ഥ മോശമാണെന്ന് വളരെ വൈകിയാണ് ബന്ധുക്കളോട് പറഞ്ഞത്. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാമെന്ന് പറഞ്ഞെങ്കിലും ഡോക്ടർമാർ സമ്മതിച്ചില്ല. ആശുപത്രിയിൽനിന്ന് മാറ്റുന്നത് സ്ഥിതി വഷളാക്കുമെന്നാണ് പറഞ്ഞത്.
ശസ്ത്രക്രിയ തുടങ്ങിയതിനുശേഷം പല പേപ്പറുകളിലും ഒപ്പിട്ടുവാങ്ങി. ഐശ്വര്യയുടെ അടക്കം തുടർചികിത്സ നടക്കണമെങ്കിൽ ഒപ്പിട്ടുതരണമെന്ന് നിർബന്ധിച്ചു. മറ്റൊരു വഴിയുമില്ലാതെയാണ് പല രേഖകളിലും ഒപ്പിട്ടത്. ജീവൻ രക്ഷിക്കാനായിരുന്നു എല്ലാത്തിലും ഒപ്പിട്ടത്. ബന്ധുക്കളുടെ ആരോപണങ്ങളെ സ്വാഭാവികപ്രതികരണമെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുകയാണ് ആശുപത്രി അധികൃതർ. അത്തരം സഹതാപങ്ങൾ വേണ്ടെന്നും മരണകാരണം ഡോക്ടർമാർ വ്യക്തമാക്കണമെന്നും കുടുംബം പറഞ്ഞു. ഐശ്വര്യയുടെ സഹോദരി എം. അശ്വതി, ഭർത്താവ് വി. വിവേക്, രഞ്ജിത്തിന്റെ സഹോദരി എം. രേഷ്മ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.