പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ കെ.എം ജ്വല്ലറി ഉടമകളെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ പൊലീസ് തുടരന്വേഷണം ഊർജിതമാക്കിയതോടെ ഒരാൾ കോടതിയിൽ കീഴടങ്ങി. തൃശൂർ പരപ്പൂർ ചാലക്കൽ വീട്ടിൽ മനോജാണ് (32) കീഴടങ്ങിയത്. ഇയാളെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങി. നേരത്തേ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ബുധനാഴ്ച പൊലീസ് വീണ്ടും കോടതിയിൽ ഹാജരാക്കി. 13 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒരാൾ കീഴടങ്ങുക കൂടി ചെയ്തതോടെ പിടിയിലായവരുടെ എണ്ണം 14 ആയി. നാലുപേർ കൂടി അറസ്റ്റിലാകാനുണ്ട്. കവർച്ച നടത്തിയവയിൽ 1.723 കിലോഗ്രാമുള്ള ഏഴ് സ്വർണക്കട്ടികളും 32.79 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു.
ഉടമകൾ നൽകിയ പരാതിയിൽ 3.2 കി.ഗ്രാം സ്വർണവും എഫ്.ഐ.ആറിൽ മൂന്ന് കി.ഗ്രാം എന്നുമാണുള്ളത്. ഉരുക്കി രൂപം മാറ്റിയതാണ് കണ്ടെടുത്ത 1.723 കി. ഗ്രാം. വിൽപന നടത്തിയ 500 ഗ്രാം കൂടി ചേർത്താൽ 2.2 കി. ഗ്രാം സ്വർണമാണ് കണ്ടെത്തിയതെന്നിരിക്കെ പരാതിപ്രകാരം ഇനിയും സ്വർണം കണ്ടെത്താനുണ്ട്.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി ടി.കെ. ഷൈജു, സി.ഐ സുമേഷ് സുധാകർ, എസ്.ഐ ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നാലുപേർക്കായി അന്വേഷണം തുടരുന്നതായി ഡിവൈ.എസ്.പി ടി.കെ. ഷൈജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.