കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ നിന്നും കാവലിലുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് ജനാല വഴി ചാടി രക്ഷപ്പെട്ട പ്രതി നാല് വർഷത്തിനുശേഷം അറസ്റ്റിൽ. കുമ്പള കൈകമ്പയിലെ ബംഗ്ലാ കോമ്പൗണ്ടിൽ ആദംഖാനെയാണ് (24) മഞ്ചേശ്വരം പൊലീസ് വീട് വളഞ്ഞ് പിടികൂടിയത്.
2020 ലെ വധശ്രമക്കേസിൽ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായആദംഖാനെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ല ജയിലിൽ നിന്ന് ജില്ല ആശുപത്രി സെല്ലിലേക്ക് മാറ്റിയപ്പോഴായിരുന്നു രക്ഷപ്പെട്ടത്.
ക്വാറന്റൈനിൽ കഴിയവെയാണ് രണ്ടാം നിലയിൽ നിന്ന് പുലർച്ച പുറത്തേക്ക് ചാടി രക്ഷപ്പെട്ടത്. കർണാടക, ആന്ധ്രയിലും ഒളിവിൽ കഴിഞ്ഞ പ്രതി നാട്ടിൽ എത്തിയിട്ടുണ്ടെന്നറിഞ്ഞ പൊലീസ് കഴിഞ്ഞ ദിവസം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. വധശ്രമം, മോഷണം, കഞ്ചാവ് ഉൾപ്പെടെ കേരളത്തിന് അകത്തും പുറത്തുമായി ഇയാൾക്ക് നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
കാഞ്ഞങ്ങാട്ടും പ്രതിക്കെതിരെ കേസുണ്ട്. ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശ പ്രകരം ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാർ ആദംഖാനെ കണ്ടെത്താൻ നേതൃത്വം നൽകി. സബ് ഇൻസ്പെക്ടർ അനൂപ് കുമാർ, സബ് ഇൻസ്പെക്ടർ രതീഷ് ഗോപി, പൊലീസുകാരായ വിജയൻ, അനീഷ് കുമാർ, സന്ദീപ്, ഭക്ത ശൈവൽ എന്നിവരാണ് പിടികൂടിയത്.
പ്രതി രക്ഷപ്പെട്ട സംഭവത്തിൽ അന്ന് പൊലീസുകാർക്കെതിരെ നടപടി വന്നിരുന്നു. കോവിഡ് വ്യാപിച്ച സമയമായതിനാൽ അന്ന് അന്വേഷണം നടത്താനായില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി കണ്ടെത്താനുള്ള ശ്രമത്തിലുമായിരുന്നു പൊലീസ്. റിമാൻഡ് തടവിൽ നിന്ന് ചാടി രക്ഷപ്പെട്ട സംഭവത്തിലും പ്രതിക്കെതിരെ ഹോസ്ദുർഗ് പൊലീസിൽ കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.