ആലപ്പുഴ: പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ നടുറോഡിൽ എയർ ഗണ്ണിന്റെ പാത്തികൊണ്ട് അടിച്ചു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്കൂൾ വളപ്പിൽ അസഭ്യം പറഞ്ഞതിനെ ചൊല്ലി തർക്കമുണ്ടായതിന് പിന്നാലെയാണ് ആക്രമണം. സ്കൂൾ വിട്ട് ബസ് സ്റ്റോപ്പിലേക്ക് പോയ സഹപാഠിയെ മൂന്നുപേർ ഇടവഴിയിലേക്ക് വലിച്ചു കൊണ്ടുപോയി മർദിക്കുകയായിരുന്നു. വിദ്യാർഥിയുടെ വയറ്റിലാണ് അടിച്ചത്. കൂടെയുള്ള മറ്റ് കുട്ടികളെയും മൂവർ സംഘം ആക്രമിച്ചു.
എയർ ഗണ്ണുമായി എത്തിയ വിദ്യാർഥി മറ്റ് രണ്ട് പേരെ ഫോൺ വിളിച്ചുവരുത്തിയതാണെന്ന് പരാതിയിൽ പറയുന്നു. വിളിച്ചു വരുത്തിയ രണ്ടുപേർ അന്ന് സ്കൂളിൽ ഹാജരായിരുന്നില്ല. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. പിറ്റേന്ന് സ്കൂളിലെത്തിയപ്പോഴാണ് വിദ്യാർഥി പ്രിൻസിപ്പലിനോട് വിവരം പറയുന്നത്. സ്കൂൾ അധികൃതർ ഉടൻ സൗത്ത് പൊലീസിൽ പരാതി നൽകി. പൊലീസ് പരിശോധനയിൽ എയർഗണ്ണും കത്തിയും വീട്ടിൽനിന്ന് കണ്ടെത്തി. എയർഗണ്ണിൽ നിന്ന് വെടിപൊട്ടിയോ എന്ന് തിരിച്ചറിയാൻ ബാലിസ്റ്റിക് പരിശോധന നടത്തുമെന്നും കാഞ്ചിവലിച്ചാൽ ഉണ്ട വരാത്ത എയർഗൺ ആണ് ഇതെന്നും പൊലീസ് പറഞ്ഞു.
തോക്ക് ഉപയോഗിച്ചതിന് മൂന്ന് പേരുടേയും സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് (എസ്.ബി. ആർ) പൊലീസ് ജുവൈനൽ ജസ്റ്റിസ് ബോർഡിന് കൈമാറിയിട്ടുണ്ട്. അമ്മാവനാണ് എയർഗൺ നൽകിയതെന്ന് വിദ്യാർഥി മൊഴി നൽകി. അടിപിടി കേസുകളിൽ പ്രതിയായ കളർകോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് തോക്ക്. ഇതിന് ലൈസൻസ് ആവശ്യമില്ല. സംഭവത്തെതുടർന്ന് സ്കൂൾ പി.ടി.എ അടിയന്തര യോഗം ചേർന്നു. സ്കൂൾ അധികൃതർ വിദ്യാഭ്യാസവകുപ്പിന് റിപ്പോർട്ട് അയച്ചു. പ്ലസ് വൺ വിദ്യാർഥി സഹപാഠിക്ക് നേരെ എയർഗൺ കൊണ്ട് വെടിയുതിർത്തുവെന്ന പ്രചാരണം തെറ്റാണെന്ന് ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ. മധു ബാബു പറഞ്ഞു.
ആലപ്പുഴ: പ്ലസ് വൺ വിദ്യാർഥി എയർഗൺ ഉപയോഗിച്ച് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ വിശദ റിപ്പോർട്ട് തേടിയതായി ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. വസന്തകുമാരിയമ്മ ‘മാധ്യമ’ത്തോട് പറഞ്ഞു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചൈൽഡ് ലൈൻ വഴിയാണ് റിപ്പോർട്ട് ശേഖരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ എയർ ഗണ്ണിൽനിന്ന് വെടിയുതിർന്നിട്ടില്ലെന്നാണ് നിഗമനം. ഉപയോഗശൂന്യമായ തോക്ക് കാട്ടി കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.