പറവൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 68 വർഷം കഠിനതടവും 22,000 രൂപ പിഴയും. നീറിക്കോട് കാട്ടിപ്പറമ്പിൽ ഷാജിയെയാണ് (54) പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് ശിക്ഷിച്ചത്.
2021 ഏപ്രിൽ 11നാണ് കേസിനാസ്പദമായ സംഭവം. ഒമ്പത് വയസ്സുള്ള ആൺകുട്ടിയെ പടക്കംവാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കളിസ്ഥലത്തുനിന്ന് പ്രതിയുടെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്നും പീഡനം നടന്നെന്നാണ് കേസ്. ആലുവ വെസ്റ്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ കെ.ജെ പീറ്ററാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 367,377 വകുപ്പുകൾ പ്രകാരവും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
പിഴ അടക്കാത്തപക്ഷം 13 മാസം അധികതടവും അനുഭവിക്കണം. ഈടാക്കുന്ന പിഴത്തുക പീഡനത്തിന് വിധേയനായ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.