കോട്ടയം: പോക്സോ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അധ്യാപകർ അടക്കമുള്ളവർക്ക് സമഗ്രപരിശീലനം നൽകുമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ അംഗം സി. വിജയകുമാർ. പോക്സോ കേസുകളുമായി ബന്ധപ്പെട്ട കർത്തവ്യനിർവഹണ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരയാക്കപ്പെടാൻ സാധ്യതയുള്ള വിഭാഗത്തിൽപെട്ട കുട്ടികളെ തിരിച്ചറിഞ്ഞ് ഇടപെടൽ നടത്തിയാൽ കേസുകൾ കുറക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി ഉദ്യോഗസ്ഥരുടെയും തദ്ദേശവകുപ്പ് പ്രതിനിധികളുടെയും ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച് കൃത്യമായ യോഗങ്ങൾ ചേരണം. ലഹരിക്കെതിരെയുള്ള പ്രവർത്തനം പോക്സോ കേസുകൾ കുറക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടർമാർ, എസ്.സി/ എസ്.ടി പ്രമോട്ടർമാർ, അധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് പ്രത്യേക പരിശീലനം നൽകും. ഇരയായ കുട്ടികൾക്ക് റിപ്പോർട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഡോക്ടർമാർ നിർബന്ധമായും വൈദ്യപരിശോധനയും ചികിത്സയും ലഭ്യമാക്കണം. പ്രശ്നങ്ങളിൽപെടുന്ന കുട്ടികളെ സ്കൂളുകളിൽനിന്ന് പുറത്താക്കുന്നതിന് പകരം അവരെ തിരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ അംഗം പറഞ്ഞു. പോക്സോ കേസുകളിൽ ഇരകളായ കുട്ടികൾക്ക് ഇടക്കാല ആശ്വാസമായി നഷ്ടപരിഹാരവും നിയമസഹായവും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ട്. സ്കൂളുകളിൽ കുട്ടികൾക്കായി പ്രത്യേകം കൗൺസലർമാരെ നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കുറവ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് കോട്ടയം ജില്ലയിലാണെന്ന് യോഗം വിലയിരുത്തി. ഈ വർഷം ഒക്ടോബർ 31വരെ 171 പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തു. കലക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ കെ.എസ്. മല്ലിക, ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ചെയർമാൻ ഡോ. അരുൺ കുര്യൻ, സി.ഡബ്ല്യു.സി അംഗം സോഫിയ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ചൈൽഡ് ലൈൻ, എൻ.ജി.ഒ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.