കള്ളന്‍ വിഴുങ്ങിയത് ആറ് കോടിയുടെ കമ്മല്‍; അമേരിക്കൻ പൊലീസ് കാത്തിരുന്നത് രണ്ടാഴ്ച

ജെയ്തന്‍ ഗില്‍ഡര്‍ 

കള്ളന്‍ വിഴുങ്ങിയത് ആറ് കോടിയുടെ കമ്മല്‍; അമേരിക്കൻ പൊലീസ് കാത്തിരുന്നത് രണ്ടാഴ്ച

ഒര്‍ലാന്‍ഡോ: കള്ളൻ വിഴുങ്ങിയ ആറു കോടിയിലധികം വില വരുന്ന രണ്ട് സെറ്റ് കമ്മലുകൾ ഒർലാൻഡോ പൊലീസ് കണ്ടെടുത്തു. 32കാരനായ ജെയ്തന്‍ ഗില്‍ഡര്‍ എന്നയാളാണ് ഫ്ലോറിഡയിലെ ഒര്‍ലാന്‍ഡോയിൽ സ്ഥിതി ചെയ്യുന്ന ഒരു ജ്വല്ലറിയിൽ നിന്ന് രണ്ടുജോഡി വജ്ര കമ്മലുകൾ മോഷ്ടിച്ചത്. ഫെബ്രുവരി 26 നായിരുന്നു സംഭവം. പൊലീസ് പിടികൂടിയെങ്കിലും കള്ളന്‍ കമ്മലുകളപ്പാടേ വിഴുങ്ങി. ഇതോടെ തൊണ്ടിമുതല്‍ അഭാവത്തിൽ കേസെടുക്കാനാവാതെ പൊലീസും വലഞ്ഞു.

ഒരു എൻ.‌ബി‌.എ കളിക്കാരന്റെ സഹായിയായി വേഷമിട്ടാണ് ഗിൽഡർ ഫെബ്രുവരി 26 ന് ജ്വല്ലറിയിലെ വി.ഐ.പി മുറിയിൽ കയറി മോഷണം നടത്തിയത്. ജീവനക്കാരുടെ ശ്രദ്ധ തെറ്റിച്ച ഗിൽഡർ രണ്ട് ജോഡി കമ്മലുകളുമായി കടയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാൽ പിടികൂടിയശേഷം ഇയാൾ കമ്മലുകൾ വിഴുങ്ങുന്നത് കണ്ടെന്ന് പൊലീസ് പറഞ്ഞു. 

എക്‌സ്-റേ എടുത്തപ്പോൾ കള്ളന്‍റെ വയറിനുള്ളില്‍ കമ്മലുണ്ടെന്ന് വ്യക്തമായി. തുടർന്ന് ഗില്‍ഡറെ ആശുപത്രിയിലാക്കി തൊണ്ടിമുതൽ വീണ്ടെടുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ കാത്തിരുന്നു. 'എന്റെ വയറ്റില്‍ എന്തെങ്കിലും ഉണ്ടെന്ന് വെച്ച് കുറ്റം ചുമത്തുമോ?' എന്നായിരുന്നു കസ്റ്റഡിയിലിരിക്കെ ഗില്‍ഡറുടെ ചോദ്യം.

എന്നാൽ കാത്തിരിപ്പിനൊടുവിൽ മാര്‍ച്ച് 12 ന് കമ്മലുകള്‍ പുറത്തെത്തി. മോഷണം പോയ കമ്മലുകള്‍ തന്നെയാണ് അതെന്ന് സീരിയല്‍ നമ്പര്‍ ഒത്തുനോക്കി ജ്വല്ലറി അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഗില്‍ഡറെ ഓറഞ്ച് കൗണ്ടി ജയിലിലേക്ക് മാറ്റി. 2022ല്‍ ടെക്‌സസിലെ കടയില്‍ ഗില്‍ഡർ മോഷണം നടത്തിയിട്ടുണ്ടെന്നും കൊളറാഡോയില്‍ ഇയാളുടെ പേരില്‍ 45 വാറന്റുകളുമുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Police Recover Diamond Earrings Worth $769,500 That Thief Swallowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.