കണ്ണൂർ: മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമായി ഓൺലൈൻ ഗെയിം തട്ടിപ്പു കേസിലെ പ്രധാന കണ്ണികളിലൊരാൾ കണ്ണൂരിൽ പിടിയിലായി. ആന്ധ്രപ്രദേശ് മണ്ഡവല്ലി സ്വദേശി സത്യരാജ് വെടുകുറിയെയാണ് (25) റെയിൽവേ ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 41 മൊബൈൽ ഫോണുകളും രണ്ട് ലാപ്ടോപ്പും നാല് എക്സ്റ്റൻഷൻ വയറും ഏഴ് മൊബൈൽ ചാർജറുകളും പ്രതിയുടെ ട്രോളി ബാഗിൽനിന്ന് പിടിച്ചെടുത്തു.
ബംഗളൂരു-കണ്ണൂർ എക്സ്പ്രസിൽ യാത്ര ചെയ്യവെയാണ് പ്രതി പിടിയിലായത്. റെയിൽവേ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും പരിശോധനക്കുണ്ടായിരുന്നു. തുടർന്ന് സ്ക്വാഡ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഓൺലൈൻ ഗെയിം ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പിൽ പങ്കാളിയാണെന്ന് മനസ്സിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
റെയിൽവേ എസ്.ഐ വിജേഷ്, ഡാൻസാഫ് എസ്.ഐ സത്യൻ, ജോസ്, അഖിലേഷ്, നിജിൽ, സംഗീത് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. വ്യാപകമായി ലഹരിക്കടത്ത് നടക്കുന്നതായ വിവരത്തെ തുടർന്ന് ട്രെയിനുകളിൽ കർശന പരിശോധന തുടരുകയാണ്. അതിനിടയിലാണ് ഇയാൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.