ആറ്റിങ്ങൽ: അഴൂർ പെരുങ്ങുഴിയിൽ മോഷണക്കുറ്റമാരോപിച്ച് ആൾക്കൂട്ടം പിടികൂടിയ ചന്ദ്രന്റെ മരണ കാരണം മർദനം മൂലമാണെന്ന് ശാസ്ത്രീയ തെളിവുകൾ ലഭ്യമായിട്ടില്ലെന്ന് പൊലീസ്. മോഷണം ആരോപിച്ച് നാട്ടുകാർ പിടികൂടി മർദിച്ച് പൊലീസിലേൽപിച്ച ചന്ദ്രന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് സഹോദരൻ പരാതി നൽകിയിരുന്നു. ഇതിന്മേലുള്ള അന്വേഷണത്തിലാണ് പൊലീസ് ശാസ്ത്രീയ തെളിവുകൾ തേടിയത്.
മുദാക്കൽ ഊരുപൊയ്ക വിളയിൽ വീട്ടിൽ ശാന്തിയാണ് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു. മരിച്ച ചന്ദ്രൻ, സഹോദരൻ ശാന്തിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. മംഗലാപുരം വേങ്ങോട് മണലകം തടത്തുവിളാകം വീട്ടിൽ തുളസി എന്ന ചന്ദ്രന്റെ (50) മരണമാണ് വിവാദത്തിലാകുന്നത്. മേയ് 28ന് ചിറയിൻകീഴ് പെരുങ്ങുഴി മടയ്ക്കൽ ശിവപാർവതി ക്ഷേത്രത്തിനടുത്താണ് സംഭവം. രാത്രി 12 ഓടെ പാത്രങ്ങളുമായി സംശയകരമായ രീതിയിൽ കണ്ട ചന്ദ്രനെ നാട്ടുകാർ പിടികൂടി മർദിച്ചു. തുടർന്ന്, കെട്ടിയിട്ടു. പൊലീസെത്തുമ്പോൾ ചന്ദ്രൻ അവശനിലയിലായിരുന്നു. രാത്രിയോടെ ചന്ദ്രനെ ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് മെഡിക്കലെടുത്തു. 29ന് വൈകീട്ട് അഞ്ചിന് ചിറയിന്‍കീഴ് പൊലീസ് ഇടയ്ക്കോട് താമസിക്കുന്ന സഹോദരൻ ശാന്തിയെ വിവരമറിയിച്ചു.
ശാന്തിയും ബന്ധുവും കൂടി സ്റ്റേഷനിലെത്തി ചന്ദ്രനെ ജാമ്യത്തില്‍ ഇറക്കി വീട്ടില്‍കൊണ്ടുപോയി. ദിവസങ്ങൾക്കു ശേഷം ആഹാരം കഴിക്കാന്‍ സാധിക്കാതെ ചന്ദ്രന് അസ്വസ്ഥതയുണ്ടായി വേങ്ങോട് പി.എച്ച്.സിയിൽ ചികിത്സ തേടി. അവർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 10ന് രാത്രി മരിച്ചു.
പരിശോധനയിൽ കുടലിൽ അണുബാധയുള്ളതായും അവസ്ഥ ഗുരുതരമാണെന്നും കണ്ടെത്തിയിരുന്നു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകാന്‍ സാധിക്കൂവെന്നും അതിനനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു.
മർദനം മൂലമുള്ള മരണം 24 മണിക്കൂറിനുള്ളിൽ സംഭവിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. ചന്ദ്രന് 12 വർഷം മുമ്പ് കുടലിൽ അൾസർ വന്നതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. ഇതിനു ശേഷവും അനുബന്ധ ചികിത്സകൾ തുടർന്നിരുന്നു. ഇത്തരത്തിലുണ്ടായ ആന്തരിക രക്തസ്രാവവും ഇതുമൂലമുണ്ടായ അണുബാധയുമാണ് മരണ കാരണം എന്നാണ് നിലവിലെ നിഗമനം. മർദനത്തെ തുടർന്നാണ് ആന്തരിക രക്ത സ്രാവം ഉണ്ടായതെന്ന് സ്ഥിരീകരിച്ചാൽ ചന്ദ്രനെ മർദിച്ചവർക്കു നേരെ നടപടിയുണ്ടാകും. നിലവിലുണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം മർദനം കൂടി നിലവിലെ അണുബാധക്ക് കാരണമായിട്ടുണ്ടാകും. എന്നാൽ, ഇതുസംബന്ധിച്ച് ശാസ്ത്രീയ റിപ്പോർട്ട് തുടർനടപടികൾക്ക് ആവശ്യമാണ്. വിശദ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇതിൽ സ്ഥിരീകരണമുണ്ടാകൂ.
പോസ്റ്റ്മോർട്ടം നടത്തിയവരിൽനിന്ന് പൊലീസിന് ലഭിച്ച പ്രാഥമിക വിവരങ്ങളും മർദനം മൂലമുള്ള മരണമല്ല എന്നാണ്. ഇതര ആന്തരികാവയവങ്ങൾക്കൊന്നും തകരാർ ഇല്ലാത്തതാണ് ഇതിനു കാരണമായി പറയുന്നത്. കരൾ, പിത്താശയ ഭാഗങ്ങളിൽ നിന്നുള്ള വിവരവും മർദനം മൂലമുള്ള മരണമല്ലെന്നാണ്. സൂക്ഷ്മ പരിശോധനകൾ നടത്തുന്നുണ്ട്. എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും മരണ കാരണം മർദനം മൂലമാണെന്ന ശാസ്ത്രീയ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.