മഞ്ചേരി: ബിസിനസിന് വലിയ തുക വായ്പ നൽകാമെന്ന് പറഞ്ഞ് പണം സ്വീകരിച്ച് തുക നൽകാതെ സ്വകാര്യ ധനകാര്യ സ്ഥാപനം ഇടപാടുകാരെ വഞ്ചിച്ചതായി പരാതി. ഒന്നര ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ നഷ്ടമായെന്നു കാണിച്ചു പൊലീസിൽ പരാതി നൽകി. മഞ്ചേരി രാജീവ് ഗാന്ധി ബൈപ്പാസിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. കച്ചവടാവശ്യത്തിനു മുൻകൂർ പണം നൽകുമെന്ന് പറഞ്ഞാണ് സ്ഥാപനത്തിന്റെ പ്രതിനിധികൾ വായ്പ ആവശ്യമുള്ളവരെ ബന്ധപ്പെട്ടത്.
പലരും കടം വാങ്ങിയും മറ്റും പണം നൽകി. ഒക്ടോബർ മൂന്നിന് പണം നൽകുമെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. പണം ലഭിക്കാതെ വന്നതോടെ സ്ഥാപനത്തിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. നഗരത്തിലെ ചെറുകിട വ്യാപാരികൾ ഉൾപ്പെടെയുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. സമൂഹമാധ്യമങ്ങളിലും മറ്റും പരസ്യം കണ്ടാണ് പലരും സ്ഥാപനത്തെ സമീപിച്ചത്. ഇടപാടുകാർ തിങ്കളാഴ്ച സ്ഥാപനത്തിലെത്തി ബഹളം വച്ചു. ജീവനക്കാരായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരുകയാണ്. വായ്പ നൽകാൻ വ്യത്യസ്ത സ്കീമുകളുണ്ട്. ദിവസം 500 രൂപ മുതൽ 3250 രൂപ വരെ അടച്ച് സ്കീമിൽ ചേരാം. ഒരു മാസം അഞ്ച് ലക്ഷം രൂപ അടച്ചാൽ 50 ലക്ഷം രൂപ മുൻകൂർ ലഭിക്കും തുടങ്ങിയവയാണ് സ്ഥാപനം വ്യവസ്ഥ വെച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.