നിലമ്പൂർ: ചാലിയാര്‍ പുഴയിൽ മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതിയായ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെങ്ങാനൂർ താഴെ വിളക്കേത്ത് മജീഷ് എന്ന ഷിജുവിനെയാണ് (36) നിലമ്പൂർ സി.ഐ പി. വിഷ്ണു അറസ്റ്റ് ചെയ്തത്. വടപുറത്ത് താമസിക്കുന്ന മൈസൂരു സ്വദേശി മുബാറക് എന്ന ബാബുവിന്‍റെ (50) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ ചാലിയാര്‍ പുഴയുടെ കൂളിക്കടവില്‍ കണ്ടെത്തിയത്. ആക്രി പെറുക്കി നടക്കുന്ന ഇരുവരും വ്യാഴാഴ്ച രാവിലെ ഒരു നാടോടിസ്ത്രീയുമൊത്താണ് പുഴക്കടവിൽ എത്തിയത്. മദ്യപിച്ച ശേഷം കൂടെയുണ്ടായിരുന്ന സ്ത്രീയുമായി ബന്ധപ്പെട്ട് ഇരുവരും തർക്കം ഉണ്ടാവുകയും മജീഷ് വടികൊണ്ട് മുബാറക്കിനെ തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം ബാലരാമപുരത്ത് പിടികിട്ടാപ്പുള്ളിയായ മജീഷ് വിഴിഞ്ഞത് അടിപിടിക്കേസിലും പ്രതിയാണ്.
മൃതദേഹം പുഴയിൽ തള്ളി പ്രതി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന സ്ത്രീ ഒളിവിലാണ്. മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. പുഴയുടെ തീരത്തുനിന്ന് എടക്കര പൊലീസ് സ്റ്റേഷനിൽ നൽകിയ ഒരു പരാതിയുടെ രസീത് പൊലീസിന് ലഭിച്ചിരുന്നു. തുടരന്വേഷണത്തിലാണ് എടക്കര ടൗണിൽ എസ്.ഐ എം. അസൈനാരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്‍റെ മേൽനോട്ടത്തിലുള്ള പ്രത‍്യേക സംഘത്തിൽ എസ്.ഐ നവീൻ ഷാജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.പി. സുനിൽ, കെ.ടി. ആഷിഫ് അലി, അഭിലാഷ് കൈപ്പിനി, നിബിൻ ദാസ്, ജിയോ ജേക്കബ്, പ്രിൻസ് എന്നിവരാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.