മൂവാറ്റുപുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടമ്മയെ ശുചിമുറിയിൽ പൂട്ടിയിട്ട് 10 പവൻ സ്വർണാഭരണങ്ങൾ കവർന്നു. ജനവാസകേന്ദ്രമായ കിഴക്കേക്കരയിൽ ബുധനാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. കിഴക്കേക്കര കളരിക്കൽ മോഹനന്റെ വീട്ടിലായിരുന്നു മോഷണം. മോഹനന്റെ ബന്ധു പത്മിനി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തുറന്നുകിടന്ന വാതിലിലൂടെ അകത്തുകയറിയ മോഷ്ടാവ് തറ തുടച്ചുകൊണ്ടിരുന്ന പത്മിനിയെ പിന്നിൽനിന്ന് കടന്നുപിടിച്ച് വായിൽ ടൗവൽ തിരുകി മാല പൊട്ടിച്ചെടുത്തു. വള ഊരാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടർന്ന് ശുചിമുറിയിൽ പൂട്ടിയിട്ടശേഷമാണ് അലമാരകൾ കുത്തിത്തുറന്ന് ആഭരണങ്ങൾ കവർന്നത്. മോഹനന്റെ മരിച്ചുപോയ ഭാര്യയുടെയും മക്കളുടെയും ചെറുമക്കളുടെയും സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മോഷ്ടാവ് പോയശേഷം ശുചിമുറിയിൽനിന്ന് രക്ഷപ്പെട്ട പത്മിനി സമീപത്തെ ട്യൂഷൻ സെന്ററിൽ വിവരം അറിയിക്കുകയായിരുന്നു. ഇവർ മോഹനന്റെ മകളെ വിളിച്ചുവരുത്തി. തുടർന്ന്, പൊലീസിനെയും അറിയിച്ചു. മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. ശാസ്ത്രീയ അന്വേഷണ സംഘവും ഡോഗ് സ്ക്വാഡും സ്ഥലം പരിശോധിച്ചു. മോഷ്ടാവ് വീട്ടുകാരുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചിരുന്നതായാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.