പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച കാർ പൊളിച്ചുവിറ്റതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞദിവസം പിടിയിലായ പ്രതികളിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ, പൊള്ളാച്ചി കുമാരപാളയം തിരിവിലെ വർക്ഷോപ്പിൽനിന്ന് കാറിെൻറ ഭാഗങ്ങൾ അന്വേഷണസംഘം കണ്ടെടുത്തു. ഇവ കസ്റ്റഡിയിൽ എടുക്കും.
കൊലപാതകം നടന്ന നവംബർ 15ന് തൊട്ടടുത്ത ദിവസം വർക്ഷോപ്പിൽ എത്തിച്ച മാരുതി 800 കാർ 15,000 രൂപക്കാണ് കച്ചവടമുറപ്പിച്ചതെന്ന് വർക്ഷോപ് ഉടമ അന്വേഷണസംഘത്തിന് മൊഴി നൽകി. രണ്ടുപേരാണ് കാർ എത്തിച്ചത്. ആർ.സി ബുക്ക് കാണിച്ചെന്നും ഇംഗ്ലീഷായതിനാൽ വായിക്കാൻ കഴിഞ്ഞില്ലെന്നും വർക്ഷോപ് ജീവനക്കാരൻ പൊലീസിനോട് പറഞ്ഞു. അഞ്ചു ദിവസത്തിന് ശേഷമാണ് കാർ പൊളിച്ചത്. പാലക്കാട് ദേശീയപാത ഒഴിവാക്കി മുതലമട വഴിയാണ് പ്രതികൾ വാഹനം അതിർത്തി കടത്തിയതെന്നാണ് അന്വേഷണസംഘത്തിെൻറ നിഗമനം.
ഇതിനിടെ, അറസ്റ്റിലായ രണ്ടാമത്തെ പ്രതിയെ ബുധനാഴ്ച രാത്രി കോടതി റിമാൻഡ് ചെയ്തു. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ പ്രതിയുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആദ്യം പിടിയിലായ പ്രതിയെ ചൊവ്വാഴ്ച ആലത്തൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇയാളെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങി. കൊലപാതകത്തിന് രണ്ടു മാസത്തിലധികം നീണ്ട ആസൂത്രണമുണ്ടായിരുന്നെന്നാണ് പ്രതികൾ മൊഴി നൽകിയത്.
കുഴൽമന്ദം വരെ ഒരുമിച്ചാണ് അഞ്ചു പ്രതികളും പോയത്. ഇവിടെെവച്ച് കാർ കേടായി. വർക്ക്ഷോപ്പിൽ പോയെങ്കിലും പെട്ടെന്ന് നന്നാക്കിക്കിട്ടിയില്ല. തുടർന്ന് കുഴൽമന്ദത്തുനിന്ന് പ്രതികൾ പലവഴിക്ക് നീങ്ങിയെന്നാണ് മൊഴി. കാറിലെത്തിയ അഞ്ചംഗ സംഘം കഴിഞ്ഞ 15ന് രാവിലെ 8.45ന് ദേശീയപാതക്ക് സമീപം മമ്പറത്താണ് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിൽ വെട്ടിക്കൊന്നത്. കേസിലുൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഉൗർജിതമാക്കിയതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.