സുൽത്താൻ ബത്തേരി: കഴിഞ്ഞ ഏപ്രിൽ 28ന് കൈപ്പഞ്ചേരിയിലെ വീട്ടുവളപ്പിൽനിന്ന് ജലാറ്റിൻ സ്റ്റിക് കണ്ടെത്തിയ സംഭവം വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്. ഈ സംഭവത്തോടനുബന്ധിച്ച് പുതിയ കഥകൾ പുറത്തുവരുമ്പോൾ സുൽത്താൻ ബത്തേരിയിൽ മറഞ്ഞിരുന്നത് വലിയ അധോലോകമാണെന്നതാണ് തെളിയുന്നത്.
മൈസൂരു രാജീവ് നഗറിലെ നാട്ടുവൈദ്യൻ ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിനെയും സുൽത്താൻ ബത്തേരി സ്വദേശികളായ കൈപ്പഞ്ചേരി ശിഹാബുദ്ദീൻ, തങ്ങളത്ത് നൗഷാദ് എന്നിവരെയും അറസ്റ്റ് ചെയ്തതോടെയാണ് ബത്തേരി കേന്ദ്രീകരിച്ച ക്രിമിനൽ സംഘത്തിന്റെ വിളയാട്ടം ജനം പൂർണമായി തിരിച്ചറിയുന്നത്.
നിലമ്പൂർ സ്വദേശിയായ ഷൈബിൻ അഷ്റഫിന്റെ മുമ്പത്തെ താവളം സുൽത്താൻ ബത്തേരിയായിരുന്നു. നിലമ്പൂരിലേക്ക് താമസം മാറ്റിയിട്ട് രണ്ടു വർഷമേ ആകുന്നുള്ളൂ. സുൽത്താൻ ബത്തേരി നഗരത്തിൽനിന്ന് അഞ്ചു കിലോമീറ്റർ മാറി പുത്തൻകുന്നിൽ കോടികൾ മുടക്കി നിർമിക്കുന്ന കൊട്ടാരസദൃശ്യമായ വീട് ഇദ്ദേഹത്തിന്റേതാണെന്ന വിവരം പുറത്തുവരുന്നുണ്ട്.
അതിനാൽ താവളം സുൽത്താൻ ബത്തേരിയിൽനിന്നു പൂർണമായും ഒഴിവാക്കിയതായും പറയാനാവില്ല.അധോലോക ഇടപാടിൽ കൂട്ടാളികൾ തമ്മിൽ തെറ്റിയതാണ് ഞെട്ടിക്കുന്ന കഥകൾ പുറത്തുവരാൻ വഴിയൊരുക്കിയത്. കൈപ്പഞ്ചേരി സ്വദേശി തങ്ങളത്ത് അഷ്റഫ് (45) എന്നയാളെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ ഒന്നും പുറത്തുവരില്ലായിരുന്നു.
നിലമ്പൂരിലെ ഷൈബിന്റെ വീട്ടിൽ അതിക്രമിച്ചുകയറി മൊബൈൽ ഫോണുകൾ, ലാപ്ടോപ്, പണം എന്നിവ കവർച്ച ചെയ്തതായുള്ള ഷൈബിന്റെ പരാതിയിലാണ് തങ്ങളത്ത് അഷ്റഫ് പിടിയിലാകുന്നത്.
അഷ്റഫ് ഉൾപ്പെടെ ഏഴു പേരാണ് ഷൈബിന്റെ വീട്ടിൽ കവർച്ച നടത്തിയത്. ഇയാളെ ചോദ്യംചെയ്ത നിലമ്പൂർ പൊലീസ് കവർച്ച മുതൽ കണ്ടെടുക്കാനാണ് കൈപ്പഞ്ചേരിയിൽ എത്തുന്നത്.
തങ്ങളത്ത് അഷ്റഫ് പറഞ്ഞതനുസരിച്ച് വീടിന്റെ പിറകിൽ കുഴിച്ച പൊലീസിന് മൊബൈൽ ഫോണുകൾ കിട്ടി. തൊട്ടടുത്ത് മണ്ണ് ഇളകിക്കിടക്കുന്നത് കണ്ട പൊലീസ് അവിടെയും കുഴിച്ചുനോക്കിയപ്പോഴാണ് ഒമ്പതു ജലാറ്റിൻ സ്റ്റിക് കണ്ടത്. ഇതോടെ കവർച്ചക്കേസിന്റെ സ്വഭാവം മാറുകയായിരുന്നു.
ജലാറ്റിൻ സ്റ്റിക് നല്ല ആവശ്യത്തിനല്ല കൈപ്പഞ്ചേരിയിൽ എത്തിച്ചതെന്ന് അന്ന് കേസന്വേഷിച്ചിരുന്ന സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി. സൂചിപ്പിച്ചിരുന്നു. പിറ്റേദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ പൊലീസ് അന്വേഷിക്കുന്ന കവർച്ചക്കേസിൽപെട്ടവർ ആത്മഹത്യ നാടകം നടത്തിയതോടെയാണ് വീണ്ടും ട്വിസ്റ്റുണ്ടായത്.
ജലാറ്റിൻ സ്റ്റിക് ആരെയെങ്കിലും അപായപ്പെടുത്താനാണോ എത്തിച്ചതെന്ന ചോദ്യം ഇപ്പോൾ അവശേഷിക്കുകയാണ്. ഒരുവർഷം മുമ്പ് കാരക്കണ്ടിയിൽ ആളൊഴിഞ്ഞ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്നു കൗമാരക്കാർ മരിച്ചതിലെ ദുരൂഹത ഇപ്പോഴും ഒഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.