മഞ്ചേരി: മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോർത്താനാണ് പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ മൈസൂരുവിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുവന്ന് ക്രൂരമായി കൊലപ്പെടുത്തുന്നത്.
മൈസൂരു രാജീവ് നഗറില്‍ പാരമ്പര്യ ചികിത്സ നടത്തിയിരുന്നയാളാണ് ഷാബാ ഷരീഫ്. ഒറ്റമൂലി മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെയും കൂട്ടാളികളുടെയും ലക്ഷ്യം. മൈസൂരുവിലെ ലോഡ്ജില്‍ താമസിക്കുന്ന വയോധികയായ രോഗിയെ ചികിത്സിക്കാനാണെന്ന വ്യാജേനയാണ് ഷരീഫിനെ, രോഗാവസ്ഥയിലായിട്ടും വീട്ടില്‍നിന്ന് നിര്‍ബന്ധിച്ച് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയത്. ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാതെ വന്നതോടെ ഷരീഫിന്‍റെ കുടുംബം ജനപ്രതിനിധികളെ ഉൾപ്പെടെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് നിലമ്പൂര്‍ പൊലീസ് ഷരീഫിന്റെ വീട്ടിലെത്തുന്നത്. ഷരീഫിനെ കൊലപ്പെടുത്തി പുഴയില്‍ എറിഞ്ഞുവെന്ന വാര്‍ത്തയാണ് കുടുംബത്തെ കാത്തിരുന്നത്. 2020 ഒക്ടോബർ എട്ടിനാണ് ഷരീഫിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പ്രതികൾ ചാലിയാറിൽ ഒഴുക്കുന്നത്. നാവികസേനാ സംഘത്തെ ഉൾപ്പെടെ തിരച്ചിലിന് ഇറക്കിയെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.
ഷൈബിന്‍റെ വീടിന്റെ ഒന്നാംനിലയില്‍ പ്രത്യേകം മുറി തയാറാക്കിയാണ് ഷാബാ ഷരീഫിനെ പീഡിപ്പിച്ചത്. ഒരുവര്‍ഷത്തിലേറെ പീഡിപ്പിച്ചിട്ടും രഹസ്യം വെളിപ്പെടുത്തിയില്ല. മർദനത്തിനിടെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളി. ഷൈബിൻ ഉപയോഗിച്ച കാറിൽനിന്നു ലഭിച്ച മുടി ഷാബാ ഷരീഫിന്റേതാണെന്ന ഡി.എൻ.എ പരിശോധനാഫലമാണ് കേസിൽ നിർണായകമായത്.
ഷാബാ ഷരീഫിനെ ക്രൂരമായി കൊലപ്പെടുത്തി മൃതശരീരം വെട്ടുനുറുക്കി പുഴയിൽ തള്ളിയ സംഭവം പുറംലോകം അറിയാനിടയാക്കിയത് കൊലപാതക കേസിലെ മുഖ‍്യസൂത്രധാരന്‍ ഷൈബിൻ അഷറഫിന്‍റെ വീട്ടിൽ നടന്ന കവർച്ചയാണ്. ഏപ്രിൽ 24 ന് രാത്രി ഏഴരയോടെയാണ് കൈപ്പഞ്ചേരി ഷൈബിന്‍ അഷറഫിന്‍റെ മുക്കട്ടയിലെ കോട്ടാര സാദൃശ‍്യമായ വീട്ടിൽ കവർച്ച നടന്നത്. ഷൈബിനെ ബന്ധനസ്ഥനാക്കി വീട്ടിൽ സൂക്ഷിച്ചിരുന്ന 7 ലക്ഷം രൂപയും വിലപിടിപ്പുള്ള ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ കവർച്ച ചെയ്ത് ഏഴംഗ സംഘം രാത്രി പത്തോടെ ഷൈബിനെ മോചിപ്പിച്ച് കടന്നു കളയുകയായിരുന്നു.
ഒരു വാനിലും കാറിലുമായെത്തിയ സംഘമാണ് കവർച്ച നടത്തിയെത്. ഷൈബിന്‍റെ പെൻഡ്രൈവും മറ്റും സംഘം കൈകലാക്കിയാണ് മടങ്ങിയെത്. കവർച്ച വിവരം പൊലീസിനെ അറിയിച്ചാൽ കൊലപാതകങ്ങൾ ഉൾപ്പടെ നീ ചെയ്ത കാര‍്യങ്ങൾ ഞങ്ങൾ പൊലീസിനെ അറിയിക്കുമെന്ന് ഭീഷണിമുഴക്കിയായിരുന്നു സംഘത്തിന്‍റെ മടക്കം. രാത്രി തന്നെ ഷൈബിൻ നിലമ്പൂർ ജില്ല ആശുപത്രിയിൽ കിടത്തി ചികിത്സക്ക് വിധേയനായെങ്കിലും കവർച്ചയെ കുറിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടില്ലായിരുന്നു. കവർച്ച വിവരം പത്രങ്ങളിലൂടെയാണ് പൊലീസും അറിയുന്നത്. ഷൈബിന്‍റെ സുഹൃത്തുകളാണ് വിവരം മാധ‍്യമങ്ങൾക്ക് നൽകിയിരുന്നത്.
പരാതി ലഭിക്കാത്തതിനാൽ പൊലീസ് സംഭവത്തിൽ ആദ‍്യദിനം കേസ് എടുത്തിരുന്നില്ല. വാർത്ത വന്ന ശേഷം തിങ്കാളാഴ്ച വൈകുന്നേരമാണ് ഷൈബിൻ നിലമ്പൂർ പൊലീസിൽ പരാതി നൽകുന്നത്. വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സംഘമാണ് വീട്ടിലെത്തി അക്രമണം നടത്തിയതെന്നാണ് അഷറഫ് പരാതിയിൽ പറഞ്ഞിരുന്നത്. അക്രമികളെ കുറിച്ച് വ‍്യക്തമായി അറിയാവുന്ന ഷൈബിൻ പക്ഷേ ഈ വിവരം പൊലീസിൽ നിന്നും മറച്ചുവെച്ചു. പരിച്ചയത്തിലുള്ളവർ മാത്രമാണെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ അഷറഫുമായി അടുത്ത ബന്ധമുള്ളവരാണ് കവർച്ചക്ക് പിന്നില്ലെന്ന് സംഘം വന്ന വാഹനങ്ങളുടെ ഉടമസ്ഥത അന്വേഷിച്ചപ്പോൾ പൊലീസിന് വ‍്യക്തമായി.
സംഘം ഉപയോഗിച്ച ഒരു വാഹനം ഷൈബിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് തെളിഞ്ഞു. പിന്നീടാണ് കമ്പനിയിൽ ജോലിക്കാരായുള്ളവരും സംഘത്തിലുണ്ടെന്ന വിവരം ഷൈബിൻ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ ദുരൂഹത മണത്ത പൊലീസ് കവർച്ചക്ക് കേസെടുത്ത് അന്വേഷണം കരുതലോടെ നീക്കി. കവർച്ച സംഘത്തിൽപ്പെട്ട ബത്തേരി കൈപഞ്ചേരി താമസിക്കും തങ്ങളകത്ത് അഷറഫ് എന്ന മുത്തു ഇതിനിടെ പിടിയിലായി. ഇയാളെ പൊലീസ് ചോദ‍്യം ചെയ്തുവരുന്നതിനിടെയാണ് ഒളിവിലായിരുന്ന കവർച്ച സംഘാംഗങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്.
ഷൈബിന്‍റെ വീട്ടിൽ നിന്നും മോഷ്ടിച്ച പെൻഡ്രൈവ് ഉയർത്തി കാണിച്ച് സംഘത്തിലെ നൗഷാദ് കൊലപാതക വിവരങ്ങൾ പൊലിസിനും മാധ‍്യമങ്ങൾക്ക് മുന്നിലും വിളിച്ചു പറയുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം പൊലീസ് പ്രതികളെ നിലമ്പൂർ പൊലീസിന് കൈമാറി. തുടർന്ന ഇവരെ ചോദ‍്യം ചെയ്തതിലൂടെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. 2020 ഒക്ടോബർ 8ന് മൈസൂരുവിൽ നിന്നും തട്ടിക്കൊണ്ടുവന്ന ഷാബാ ശരീഫിനെ ഒന്നേക്കാൽ വർഷത്തോളം മുഖ‍്യപ്രതി ഷൈബിന്‍റെ മുക്കട്ടയിലുള്ള കൊട്ടാര സാദൃശ‍്യമായ വീട്ടിൽ തടങ്കലില്ലിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക്ക് കവറിലാക്കി ചാലിയാറിൽ തളളിയെന്ന് തെളിയുകയായിരുന്നു.
ഇതോടെ ഷൈബിൻ അഷറഫിനെ മുഖ‍്യപ്രതിയാക്കി പൊലീസ് കൊലപാതകതിന് കെസ് എടുക്കുകയും ഷൈബിൻ അഷറഫും കൂട്ടാളികളും അറസ്റ്റിലാവുകയായിരുന്നു. ജില്ല പൊലീസ് മേധാവി നേരിട്ട് ചുക്കാൻപിടിച്ച് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചുവെന്ന പ്രത‍്യേകതയും കേസിനുണ്ട്. നാട്ടുവൈദ‍്യന്‍റെ കൊലപാതകത്തിന് പുറമെ വിദേശത്തും ഷൈബിനും കൂട്ടാളികളും കൊലപാതകം ചെയ്തതായുള്ള തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലും കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.