ഷൊർണൂർ: ഷൊർണൂർ കവളപ്പാറ നീലാമലക്കുന്നിൽ സഹോദരിമാരെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. നീലാമലക്കുന്ന് പത്മനാഭന്റെ ഭാര്യ പത്മിനി (75), സഹോദരി തങ്കം (72) എന്നിവരാണ് കഴിഞ്ഞദിവസം പൊള്ളലേറ്റ് മരിച്ചത്. മോഷണശ്രമത്തിനിടെ കൊലപാതകം നടത്തിയ പട്ടാമ്പി തൃത്താല സ്വദേശി മണികണ്ഠനെ (48) പൊലീസ് പിടികൂടി.
വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് സംഭവം. കവർച്ചശ്രമത്തിനിടെ ക്രൂരമായ ആക്രമണം നടന്നതായി ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു. മാരകമായ ഈ മുറിവുകളും പൊള്ളലേറ്റതും മരണത്തിലേക്ക് നയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ കൂടുതൽ വ്യക്തത വരൂ. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും. പ്രതിയുടെ മുൻകാല ചരിത്രങ്ങൾ പരിശോധിക്കും. കൊലപാതക ശ്രമത്തിനിടെ പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. സഹോദരിമാർ ആക്രമണം ചെറുക്കുന്നതിനിടെയാണിത്. സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന സഹോദരിമാരുടെ സ്വർണാഭരണങ്ങൾ ലക്ഷ്യമിട്ടാണ് മണികണ്ഠൻ വീട്ടിലെത്തിയത്. ഒരേ വളപ്പിലാണ് സഹോദരിമാരുടെ വീടുകളുള്ളത്. എന്നാൽ, ഇവർ മിക്കപ്പോഴും ഒരു വീട്ടിലാണുണ്ടാകാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.