ചെന്നൈ: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ തീകൊളുത്തി കൊന്ന മകനെ 40 വർഷത്തെ തടവുശിക്ഷക്ക് വിധിച്ച് പുതുക്കോട്ട ജില്ല സെഷൻസ് കോടതി ഉത്തരവിട്ടു. പുതുക്കോട്ട അന്നവാസൽ മരുതാന്തലൈ സന്തോഷ് (26) ആണ് പ്രതി. അമ്മ ലീലാവതി (55) ആണ് കൊല്ലപ്പെട്ടത്.
ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിക്കുന്നതിന് പണം ചോദിച്ച് ശല്യപ്പെടുത്തിയപ്പോൾ നീയൊക്കെ ജീവിച്ചിരിക്കുന്നതിനെക്കാൾ നല്ലത് മരിക്കുന്നതാണെന്ന് അമ്മ പറഞ്ഞതിൽ പ്രകോപിതനായാണ് 'ഞാനെന്തിന് മരിക്കണം, നീയാണ് മരിക്കേണ്ടതെന്ന്' പറഞ്ഞ് പ്രതി മണ്ണെണ്ണയെടുത്ത് ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
90 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ലീലാവതിയുടെ മരണമൊഴിയനുസരിച്ചാണ് പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.
പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ച കോടതി ശിക്ഷാ കാലയളവിൽ പ്രതിക്ക് യാതൊരു ഇളവുകളും നൽകേണ്ടതില്ലെന്നും 40 വർഷക്കാലം ജയിൽശിക്ഷ അനുഭവിക്കണമെന്നും ഉത്തരവിട്ടു. ചെയ്ത തെറ്റ് മനസ്സിലാക്കാനും പശ്ചാത്തപിക്കാനും പ്രതിയെ മൂന്നുമാസക്കാലം തനിച്ച് സെല്ലിലിടക്കണമെന്നും ജഡ്ജി അബ്ദുൽ ഖാദർ വിധി പ്രസ്താവത്തിൽ ഉത്തരവിട്ടു.
തുടർന്ന് പ്രതി സന്തോഷിനെ തിരുച്ചി സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. കേസ് രജിസ്റ്റർ ചെയ്ത് ഏഴ് മാസത്തിനകമാണ് കോടതി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.