പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽനിന്ന് കളവുപോയ ലോറി തേടി പുറപ്പെട്ട പൊലീസ് സംഘത്തിന് കിട്ടിയത് ലോറി നിറയെ കഞ്ചാവ്. ഒഡിഷയിൽനിന്ന് കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് മോഷ്ടിച്ച ലോറികൾ രൂപമാറ്റം വരുത്തി വൻതോതിൽ കഞ്ചാവെത്തിക്കുന്നതായി നേരേത്ത പൊലീസിെൻറ ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും ഇതിലെ കണ്ണികളെക്കുറിച്ച് കൃത്യമായ അന്വേഷണമൊന്നും എവിടെയും എത്തിയിരുന്നില്ല. ആഗസ്റ്റ് ഏഴിന് പെരിന്തൽമണ്ണ ടൗണിൽനിന്ന് മോഷണം പോയ ലോറിയെ പിന്തുടർന്നുള്ള അന്വേഷണത്തിനിടയിലാണ് അന്തർ സംസ്ഥാന കഞ്ചാവ് മാഫിയ സംഘത്തിലേക്കെത്തിയത്. ലോറി മോഷണക്കേസിൽ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മുമ്പ് ലോറി മോഷണക്കേസുകളിൽ പ്രതിയായവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിക്കുന്നത്.
കോയമ്പത്തൂർ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖിനെയാണ് ആദ്യം തിരിച്ചറിഞ്ഞത്. കാറിൽ വരുകയായിരുന്ന ഇയാളെയും സുഹൃത്ത് നൗഫൽ എന്ന നാഗേന്ദ്രനെയും സി.ഐ സുനിൽ പുളിക്കൽ, എസ്.ഐ സി.കെ. നൗഷാദ് എന്നിവരടങ്ങുന്ന സംഘം പിന്തുടർന്ന് കോയമ്പത്തൂർ-സേലം പാതയിൽ വെച്ച് ഞായറാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്.
പെരിന്തൽമണ്ണയിൽനിന്ന് ലോറി മോഷണം നടത്തിയതായി സമ്മതിച്ചു. ഒഡിഷയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് കഞ്ചാവുമായി വരുന്ന സംഘത്തിൽ മുമ്പേ പുറപ്പെട്ടവരാണിവരെന്ന് അറിഞ്ഞതോടെ പിന്നീട് പൊലീസ് കാര്യങ്ങൾ ജാഗ്രതയോടെ നീക്കി. തുടർന്നാണ് കരിങ്കല്ലത്താണിയിൽ രണ്ടു വാഹനവുമായി പൊലീസ് കാത്തു നിന്നത്.
പ്രതികളെ മൂവരെയും കൂടുതൽ ചോദ്യം ചെയ്തതിലാണ് ഒഡിഷയിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നതിനെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിച്ചത്. കോഴിക്കോട്ടേക്കാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്.
മോഷണം പോവുന്ന ലോറികൾ കഞ്ചാവ് കടത്താൻ ഉപയോഗിക്കുന്നു
പെരിന്തൽമണ്ണ: കേരളത്തിലെ പല സ്ഥലങ്ങളിൽനിന്നും മോഷണം നടത്തുന്ന ലോറികൾ കഞ്ചാവ് കടത്താനുപയോഗിക്കുന്നതായി പൊലീസ്. കോയമ്പത്തൂരിലെ രഹസ്യകേന്ദ്രങ്ങളിൽ വെച്ച് രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റ് വെച്ചുമാണ് ഇത്തരത്തിൽ കഞ്ചാവ് കടത്തിന് ഉപയോഗിക്കുന്നത്. പെരിന്തൽമണ്ണയിൽനിന്ന് മോഷണം നടത്തിയ ലോറി രൂപമാറ്റം വരുത്താൻ കൊടുത്തതാണെന്ന് പ്രതി മുഹമ്മദ് ആഷിഖ് പൊലീസിനോടു പറഞ്ഞു.
ഇത് അടുത്ത ദിവസം പൊലീസ് കണ്ടെടുക്കും. ഒഡിഷയിൽനിന്ന് കിലോക്ക് 3000 രൂപ മുതൽ വിലകൊടുത്ത് വാങ്ങി, ചരക്ക് ലോറികളിൽ ഒളിപ്പിച്ച് കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ മൊത്തവിൽപനക്കാർക്ക് കൈമാറുന്നതാണ് പ്രതികൾ ഉൾപ്പെടുന്ന സംഘം ചെയ്തുവരുന്നത്. സംഘത്തിലെ ചിലർ ആന്ധ്ര, കോയമ്പത്തൂർ, തിരുവനന്തപുരം ജയിലുകളിൽ ശിക്ഷയനുഭവിച്ചുവരുകയാണ്. അറസ്റ്റ് ചെയ്ത മുഖ്യപ്രതി മുഹമ്മദ് ആഷിഖ് തൃശൂർ പട്ടിക്കാട് സ്റ്റേഷൻ പരിധിയിൽനിന്ന് നേരേത്ത ലോറി മോഷണക്കേസിൽ ജയിലിലായി ജാമ്യത്തിലിറങ്ങിയതാണ്.
നൗഫൽ എന്ന നാഗേന്ദ്രെൻറ പേരിൽ പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിലും തിരുവല്ല എക്സൈസിലും സ്പിരിറ്റ്, കള്ളക്കടത്ത് കേസുകളും തിരുവനന്തപുരം കഴക്കൂട്ടം സ്റ്റേഷനിൽ കഞ്ചാവ് കേസും നിലവിലുണ്ട്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഞ്ചാവു കടത്ത് കേന്ദ്രങ്ങളെക്കുറിച്ചും മുഖ്യകണ്ണികളെക്കുറച്ചും ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ചുവരുന്ന രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി എം. സന്തോഷ്കുമാറിെൻറ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണങ്ങൾ നടത്തിവരുന്നത്.
കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. സി.പി. മുരളീധരൻ, പി.എസ്. ഷിജു, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ് കുമാർ, പ്രശാന്ത്, സജീർ, കെ. ദിനേഷ്, കബീർ, പ്രബുൽ, സുഭാഷ്, ഷാലു, മുഹമ്മദ് ഫൈസൽ, ബൈജു, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.