മൂവാറ്റുപുഴ: ക്ഷേത്രത്തിൽ കയറി തിടമ്പ് മോഷ്ടിച്ച അസം സ്വദേശിയെ ഒന്നര വർഷത്തിനുശേഷം മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തു.2021 നവംബറിൽ തൃക്കളത്തൂർ പള്ളി മുറ്റത്ത് ഭഗവതിക്ഷേത്രത്തിന്റ ശ്രീകോവിൽ തകർത്ത് അകത്തുകയറി വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിടമ്പ് മോഷ്ടിച്ച കേസിൽ അസം സ്വദേശി സാദിഖുൽ ഇസ്ലാമിനെയാണ് (26) സ്റ്റേഷൻ ഓഫിസർ കെ. എൻ. രാജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. രാത്രി ക്ഷേത്രത്തിൽ കടന്നുകയറി തിടമ്പ് കവർന്നശേഷം നിരവധി ഭണ്ഡാരങ്ങളും ഇയാൾ തകർത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സംഭവദിവസത്തെ കനത്തമഴയും തെളിവുകളുടെ അപര്യാപ്തതയും പൊലീസിനെ വലച്ചിരുന്നു. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങളെ ആശ്രയിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ വഴിതുറന്നത്. അറുപതോളം സി.സി ടി.വി കാമറകളാണ് പരിശോധിച്ചത്. മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ കെ.എസ്.ഇ.ബി സബ് സറ്റേഷന് സമീപം അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കെട്ടിടത്തിലാണ് ഇയാൾ താമസിച്ചുവന്നിരുന്നത്.
മൂവാറ്റുപുഴയിലും പരിസരത്തും നിരവധി മോഷണക്കേസുകളിൽ പ്രതിയുമാണ്. ഇതരസംസ്ഥാനക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച് വിൽപന നടത്തുന്നതും സാദിഖുൽ ഇസ്ലാമിന്റെ സ്വഭാവമാണ്. പകൽ ഉറക്കവും രാത്രി മോഷണവുമാണ് രീതി. പ്രത്യേകിച്ച് ഒരു തൊഴിലുമില്ല.
പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തിടമ്പ് മോഷ്ടിച്ച ആളെ പിടികൂടിയ പൊലീസിനെ ക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. അസമിൽനിന്നു തിടമ്പ് വീണ്ടെടുക്കാൻ അന്വേഷണം തുടരുകയാണ്.സബ്ഇൻസ്പെക്ടർമാരായ മാഹിൻ സലീം, രാജേഷ്, അസി. സബ് ഇൻസ്പെക്ടർമാരായ ജോജി, ജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.