മണ്ണന്തല: മണ്ണന്തല പൊലീസ് സ്റ്റേഷന് പരിധിയില്‍ ആറും എട്ടും വയസുളള കുട്ടികളെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചട്ടുകം ഉപയോഗിച്ച് പൊളളലേൽപിക്കുകയും ചെയ്ത സംഭവത്തില്‍ ഐ.ടി എന്‍ജിനീയറായ മാതാവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. മണ്ണന്തല മുക്കോല സൗപര്‍ണിക ഫ്ളാറ്റില്‍ താമസിക്കുന്ന പറവൂര്‍ സ്വദേശിനി ഖദീജ അബ്ദുൽ കരീമിനെതിരെയാണ് മണ്ണന്തല പൊലീസ് കേസെടുത്തത്.
എട്ടു വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊളളിക്കുകയും ആറുവയസ്സുളള മകളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. അമ്മയുടെ ഉപദ്രവത്തില്‍ പരുക്കേറ്റ കുട്ടികള്‍ പേരൂര്‍ക്കട ജില്ല ഗവ. ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനിടയായ സംഭവംത്. ഖദീജയും ഭര്‍ത്താവ് ജമീലും രണ്ടര വര്‍ഷം മുമ്പ് നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു.
കുട്ടികള്‍ ആഴ്ചയില്‍ അഞ്ചുദിവസം ഖദീജക്കൊപ്പവും രണ്ട് ദിവസം ജമീലിന് ഒപ്പവുമാണ് കഴിഞ്ഞുവരുന്നത്. വെളളിയാഴ്ച ഖദീജയുടെ വീട്ടില്‍ നിന്നു മടങ്ങി എത്തിയപ്പോഴാണ് മകന്റെ കാലില്‍ പൊളളലേറ്റതായി കണ്ടതെന്ന് ജമീല്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇതിനു ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ എട്ട് വയസ്സുകാരനെയും സഹോദരിയെയും കൗണ്‍സലിങ് നടത്തുകയായിരുന്നു.
എന്നാല്‍ കുട്ടികളുടെ മാതാവിനെ ഇതുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുയരുന്നു. സംഭവത്തെക്കുറിച്ച് പഠിച്ചുവരുന്നതായും യാഥാര്‍ഥ്യം മനസിലാക്കിയ ശേഷമേ നടപടികളിലേക്ക് കടക്കാന്‍ കഴിയുകയുളളുവെന്നുമാണ് മണ്ണന്തല പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.