(Representative Image)

നടപ്പാതയിൽ ഉറങ്ങിയവർക്ക് മേൽ ട്രക്ക് പാഞ്ഞുകയറി; രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

പൂനെ: ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ഡമ്പർ ട്രക്ക് പാഞ്ഞുകയറി രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. പുലർച്ചെ 12.30 ഓടെ വാഗോളിയിലാണ് സംഭവം. വൈഭവി പവാർ (1), വൈഭവ് പവാർ (2), വിശാൽ പവാർ (22) എന്നിവരാണ് മരിച്ചത്. അമിത വേഗതയിൽ വന്ന ട്രക്ക് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പുലർച്ചെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ട്രക്ക് ഡിവൈഡറിൽ ഇടിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് വാഗോളിയിലെ കെസ്‌നന്ദ് ഫാട്ട ചൗക്കിലെ ഫുട്പാത്തിന് സമീപം ഉറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേലേക്ക് ട്രക്ക് പാഞ്ഞുകയറിയത്. പൊലീസ് ഉടൻ സംഭവ സ്ഥലത്തെത്തി. തൊഴിലാളികൾ തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്. സെക്ഷൻ 105, 281, 125 (എ), 125 (ബി) എന്നിവ പ്രകാരം ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അമരാവതി, വാർധ ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിൽ നിന്ന് പൂനെയിൽ ജോലിക്കായി കുടിയേറിയവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഉപജീവനത്തിനായി നിർമ്മാണ സ്ഥലങ്ങളിലും മറ്റ് ചെറിയ ജോലികളിലും ജോലി ചെയ്യുന്ന ദിവസക്കൂലിക്കാരാണ് ഇവർ. 40 ഓളം പേർ വാഗോളിയിലെ റോഡരികിൽ താമസിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

Tags:    
News Summary - The truck ran over people; Three dead, including two children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.