കൊടുമൺ: നിരവധി ക്രിമിനൽ കേസുകളിൽപെട്ട പ്രതി ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഇയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ സുഹൃത്തുക്കൾ മദ്യലഹരിയിൽ റോഡിൽ അഴിഞ്ഞാടി. ഗതാഗതം തടഞ്ഞും വീടുകൾക്കുനേരെ കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസിനെയും ആക്രമിക്കാൻ ശ്രമിച്ച ആറംഗ സംഘത്തെ കൊടുമൺ പൊലീസ് പിടികൂടി.
കൊടുമൺ അങ്ങാടിക്കൽ നോർത്ത് പി.സി.കെ ലേബർ ലെയിനിൽ ബി. അർജുൻ (25), ഇടത്തിട്ട ചാരുങ്കൽ വീട്ടിൽ ഷെബിൻ ലാൽ (27), കൂടൽ നെടുമൺകാവ് പി.സി.കെ ചന്ദനപ്പള്ളി എസ്റ്റേറ്റിൽ ആനന്ദ് (25), വള്ളിക്കോട് വെള്ളപ്പാറ മുകളുപറമ്പിൽ അരുൺ (29), ഓമല്ലൂർ ചീക്കനാൽ മേലേപ്പുറത്ത് വീട്ടിൽ ബിപിൻ കുമാർ (30), കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് മുരുപ്പേൽ അബിൻ (21) എന്നിവരാണ് അറസ്റ്റിലായത്.
കണ്ടാലറിയാവുന്ന നാലുപേർ കൂടി സംഘത്തിൽ ഉണ്ടായിരുന്നു. ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 8.30ന് കൊടുമൺ ഇടത്തിട്ടയിലാണ് സംഭവം. കൊടുമൺ പൊലീസ് സ്റ്റേഷനിൽ പതിനാലോളം ക്രിമിനൽ കേസുകളിൽ പ്രതിയും നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുള്ളയാളുമായ അതുൽ പ്രകാശ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു.
ഇയാളുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കളായ യുവാക്കളുടെ സംഘം മദ്യപിച്ച് ബഹളമുണ്ടാക്കുകയും ഇടത്തിട്ട കാവുംപാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ ആയുധങ്ങളുമായി ഗതാഗതം തടയുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു.
വാഹനങ്ങൾ തടഞ്ഞും മാർഗതടസ്സം സൃഷ്ടിച്ചും സംഘം അഴിഞ്ഞാടി. ക്ഷേത്രദർശനത്തിന് പോയവരെ മദ്യലഹരിയിൽ അസഭ്യംപറയുകയും വീടുകൾക്ക് നേരെ കല്ലെറിയുകയും ചെയ്ത സംഘത്തെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻസ്പെക്ടർ പി. വിനോദിന്റെ നേതൃത്വത്തിൽ തടയുകയായിരുന്നു. എന്നാൽ, പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു.
പിടികൂടാൻ പിന്നാലെ ഓടിയ പൊലീസിനെ കല്ലെറിഞ്ഞു. പ്രതികളെ പൊലീസ് പിന്തുടർന്ന് ശ്രമകരമായി കീഴടക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ വൈദ്യപരിശോധനക്കു ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു.
എ.എസ്.ഐ നൗഷാദ്, സി.പി.ഒമാരായ അനൂപ്, എസ്.പി. അജിത്, സുരേഷ്, അനൂപ്, ജോൺ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി അർജുൻ കൂടൽ പൊലീസ് സ്റ്റേഷനിൽ 2022ൽ രജിസ്റ്റർ ചെയ്ത കഠിന ദേഹോപദ്രവം ഏൽപിച്ച കേസിൽ ഉൾപ്പെട്ടയാളാണ്. രണ്ടാംപ്രതി ഷെമിൻ ലാൽ കൊടുമൺ സ്റ്റേഷനിലെ കഠിന ദേഹോപദ്രവകേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
മൂന്നാം പ്രതി ആനന്ദ് കൂടൽ സ്റ്റേഷനിലെ കഠിന ദേഹോപദ്രവം ഏൽപിച്ച കേസിൽ അർജുന്റെ കൂട്ടുപ്രതിയാണ്. അരുൺ കൊടുമൺ, പത്തനംതിട്ട, കോന്നി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഏഴ് ക്രിമിനൽ കേസിൽ പ്രതിയാണ്. ആറാം പ്രതി അബിൻ അടൂർ സ്റ്റേഷനിലെ കേസിൽ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.