തിരുവല്ല: കൂലി ചോദിച്ചതിന് തൊഴിലാളിയെ കരാറുകാരൻ തല്ലിക്കൊന്നു. തമിഴ്നാട് മാർത്താണ്ഡം സ്വദേശി സ്റ്റീഫൻ (40) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെ പത്തനംതിട്ട കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് സമീപമായിരുന്നു സംഭവം.
കരാറുകാരൻ മാർത്താണ്ഡം തക്കല സ്വദേശി സുരേഷും സഹോദരൻ ആൽബിൻ ജോസും ആണ് സ്റ്റീഫനെ മർദിച്ചത്. മുമ്പ് സുരേഷിനൊപ്പം ജോലി ചെയ്ത വകയിൽ സ്റ്റീഫന് കൂലി ലഭിക്കാനുണ്ടായിരുന്നു. കൂലി ആവശ്യപ്പെട്ടാണ് സ്റ്റീഫനും സുഹൃത്തുക്കളും രാത്രിയിൽ കല്ലൂപ്പാറയിലെ വാടക വീട്ടിലെത്തിയത്.
ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് സുരേഷും സഹോദരനും ചേർന്ന് മർദിക്കുകയായിരുന്നു. സ്റ്റീഫന്‍റെ സുഹൃത്തുക്കളെ കല്ലെറിഞ്ഞ് ഓടിച്ച ശേഷമായിരുന്നു മർദനം. കമ്പിവടി ഉപയോഗിച്ച് സ്റ്റീഫനെ തലക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു.
ഓടിരക്ഷപ്പെട്ടവർ വിവരം അറിയിച്ച പ്രകാരം പെട്രോളിങ് നടത്തിയിരുന്ന പൊലീസാണ് സംഭവ സ്ഥലത്തെത്തി സ്റ്റീഫനെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും മുറ്റത്ത് ബോധരഹിതനായി കിടന്ന സ്റ്റീഫനെ പ്രതികൾ വീടിനുള്ളിലേക്ക് മാറ്റിയിരുന്നു.
സംഭവത്തിൽ സുരേഷിനെയും ആൽബിനെയും കീഴ്വായ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ പ്രതികൾക്കും ചെറിയ പരിക്കുകളേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.