ഈരാറ്റുപേട്ട: അടഞ്ഞു കിടന്ന വീട്ടിന്റെ ഓട് പൊളിച്ച് മോഷണം നടത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കുമളി ഒന്നാം മൈൽ പാണംപറമ്പിൽ അലൻ തോമസ് (21), പൂഞ്ഞാർ പനച്ചിപ്പാറ തെക്കേടത്ത് വീട്ടിൽ അമൽ ജോർജ് (20), കൊണ്ടൂർ പാതാഴ കോളനി കല്ലാറ്റുപറമ്പിൽ വീട്ടിൽ റോബിൻ ജോസഫ് (21) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ പെരുനിലം കണ്ണാണിക്കയറ്റം ഭാഗത്ത് പി.ടി. തോമസ് എന്നയാളുടെ വീട്ടിലാണ് ഓട് പൊളിച്ചു കയറി മോഷണം നടത്തിയത്. തോമസ് വിദേശത്ത് ആയിരുന്നതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവിടെനിന്നും നിലവിളക്ക്, ഓട്ടുപാത്രങ്ങൾ, ചെമ്പ് പാത്രങ്ങൾ, മുതലായവ മോഷ്ടിച്ചു. അറസ്റ്റിലായ അലൻ തോമസിനെ കഴിഞ്ഞദിവസം ബൈക്ക് മോഷണ കേസിൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർ വീട് കയറി മോഷ്ടിച്ച വിവരം അറിഞ്ഞത്. ഇതേ തുടർന്ന് മറ്റ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അമൽ ജോർജിന് ഈരാറ്റുപേട്ട സ്റ്റേഷനിൽ മോഷണ കേസ് നിലവിലുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, സി.പി.ഓ മാരായ ജോബി ജോസഫ്, ശരത് കൃഷ്ണദേവ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.