നീലേശ്വരം: പട്ടാപ്പകൽ വീട് കുത്തിതുറന്ന് കവർച്ച. ചിറപ്പുറം മാലിന്യസംസ്കരണ പ്ലാന്റിനു സമീപത്തെ സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂനിയൻ മുനിസിപ്പൽ സെക്രട്ടറി ഒ.വി. രവീന്ദ്രത്തെ തിരുവോണം വീട്ടിലാണ് കവർച്ച. 20 പവൻ സ്വർണവും 8000 രൂപയുമാണ് മോഷണം പോയത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 നും 4.30 നും ഇടയിലാണ് കവർച്ച നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അടുക്കളയോടുചേർന്ന വർക്ക് ഏരിയയുടെ ഗ്രിൽസിന്റെ പൂട്ട് തകർത്ത് അടുക്കളവാതിൽ ചവിട്ടിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. വീടിന്റെ മുൻഭാഗത്തെ ഗേറ്റ് കടന്ന് ഇയാൾ വരുന്നതിന്റെ ദൃശ്യം വീടിന്റെ സിറ്റൗട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വലതുകൈയിൽ ഹെൽമറ്റുമായി നടന്നുവരുന്ന താടിവച്ച യുവാവിന്റെ ദൃശ്യം കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈസമയം വീട്ടുടമ രവീന്ദ്രൻ കാഞ്ഞങ്ങാട്ടേക്കും ഭാര്യ നളിനി ബങ്കളം ഹയർ സെക്കൻഡറി സ്കൂളിൽ പേരക്കുട്ടിയുടെ ക്ലാസ് പി.ടി.എയിൽ പങ്കെടുക്കാനും പോയിരുന്നു.
വീട്ടിലെത്തുമ്പോഴേക്കും കാഞ്ഞങ്ങാട് ദുർഗ സ്കൂളിൽ പഠിക്കുന്ന മറ്റൊരു പേരക്കുട്ടി കൈയിലുള്ള താക്കോൽകൊണ്ട് മുൻവാതിൽ തുറന്ന് വീടിന്റെ സ്വീകരണ മുറിയിൽ ഇരിക്കുന്നുണ്ടായിരുന്നു. വസ്ത്രം മാറാൻ അകത്തേക്കുപോയ രവീന്ദ്രനാണ് മുറിയിൽ സാധനങ്ങൾ വാരിവലിച്ചിട്ടിരിക്കുന്നത് കണ്ടത്. രണ്ട് ഷെൽഫുകളും തുറന്നുകിടക്കുന്നതും കണ്ടു.
തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പിന്റെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ മകൾ രമ്യയുടെ സ്വർണാഭരണങ്ങളാണ് അലമാരയിൽ ഉണ്ടായിരുന്നത്.
ഉടൻ നീലേശ്വരം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നിർദേശപ്രകാരം സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷ്ടാവിന്റെ ചിത്രം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.