കാട്ടാക്കട: ലഹരിയുടെ പിടിയിലമർന്ന് കാട്ടാക്കട ഡിവൈ.എസ്.പി ഓഫിസ് പരിധിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ. ഇതിൽ പേരൂര്‍ക്കട സ്വദേശി മായ മുരളിയുടെ മരണത്തില്‍ പ്രതിയെന്ന് കരുതുന്ന യുവാവിനെ ആഴ്ചകള്‍ പിന്നിട്ടിട്ടും കണ്ടെത്താനായില്ല.
ജീവിതപങ്കാളിയായെത്തി യുവതിയെ മരണത്തിലേക്ക് തള്ളിവിട്ട കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തിനുവേണ്ടിയാണ് തിരച്ചിൽ തുടരുന്നത്. ജീവിതപങ്കാളിയുടെ പകയില്‍ യുവതിയും മകന്റെ വികൃതിയില്‍ അമ്മയും മകന്റെ ക്രൂരതയില്‍ അച്ഛനും ജീവന് നഷ്ടമായി.
മൂന്നുപേരുടെയും ജീവനെടുത്തത് ലഹരിക്കടിപ്പെട്ട ഉറ്റവരായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. പേരൂർക്കട ഹാർവിപുരം ഭാവനാനിലയത്തിൽ മായ മുരളി(37)യുടെ മൃതദേഹം മുതിയാവിള കാവുവിളയിൽ വാടകക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബർപുരയിടത്തിൽ മേയ് രണ്ടിനാണ് കണ്ടെത്തിയത്. മാറനല്ലൂർ കൂവളശ്ശേരി ക്ഷേത്രത്തിനുസമീപം അപ്പുനിവാസിൽ പരേതനായ കൊച്ചനിയന്റെ ഭാര്യ ജയയുടെ (58) മൃതദേഹം വീട്ടിൽനിന്നാണ് കണ്ടെത്തിയത്.
മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കളും അയല്‍വാസികളും പൊലീസില്‍ അറിയിക്കുകയും ഇവർ നല്കിയ വിവരത്തിന്റെയും സംശയങ്ങളുടെയും അടിസ്ഥാനത്തില്‍ മകൻ ബിജു കെ. നായരെ (31) മാറനല്ലൂർ പൊലീസ് പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അമ്മയെ മര്‍ദിച്ചതും അവശയായി വീണതുമൊക്കെ വെളിപ്പെടുത്തിയത്. പ്രതിയെ കാട്ടാക്കട കോടതി ജയിലിലാക്കി.
വിളവൂര്‍ക്കല്‍ പൊറ്റയില്‍ പൂവണംവീട്ടില് രാജേന്ദ്രന് (63) മരിച്ചത് മകന് രാജേഷ് (31) ന്റെ അടിയേറ്റാണ്. അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന അച്ഛനും മകനും കെട്ടിടനിര്‍മാണ തൊഴിലാളികളാണ്. ഇരുവരും തമ്മില്‍ മേയ് നാലിനുണ്ടായ വാേക്കറ്റമാണ് രാജേന്ദ്രന്റെ ജീവനെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.