16 മാസം പ്രായമായ മകളെ വീട്ടിൽ തനിച്ചാക്കി പത്തുദിവസം വിനോദയാത്ര; കുഞ്ഞിന്റെ മരണത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

കൊളമ്പസ്: പതിനാറു മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്. ഒഹിയോ സ്വദേശിനിയായ ക്രിസ്റ്റൽ കാൻഡലാരിയോ (31) ആണ് അറസ്റ്റിലായത്. മാസങ്ങൾ മാത്രം പ്രായമുള്ള മകൾ ജെയ്‍ലിനെ വീട്ടിൽ തനിച്ചാക്കി വിനോദയാത്ര പോയ കാൻഡലാരിയോ പത്ത് ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞ് മരണപ്പെട്ട വിവരം അറിയുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയതോടെ താൻ കുഞ്ഞിനെ ദിവസങ്ങളോളം തനിച്ചാക്കി യാത്രയിലായിരുന്നുവെന്ന് കാൻഡലാരിയോ മൊഴി നൽകുകയായിരുന്നു. ജൂൺ 18ന് ക്ലീവ്‍ലാൻഡിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടികൾക്ക് കളിക്കാനുണ്ടാക്കിയ അറയിൽ മകൾ മരിച്ചുകിടക്കുന്നതായി കണ്ടത്. ​ഡെട്രോയിറ്റിലും പ്യൂ​ർട്ടോറീക്കയിലുമൊക്കെ കറങ്ങിയടിച്ചശേഷമാണ് ദിവസങ്ങൾ കഴിഞ്ഞ് കാൻഡലാരിയോ തിരിച്ചുവന്നത്. കുഞ്ഞിനെ പരിപാലിക്കാൻ മറ്റാരെയും ചുമതലപ്പെടുത്താതിരുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, കുഞ്ഞിനെ ആദ്യമായല്ല കാൻഡലാരിയോ തനിച്ചാക്കി പോകുന്നതെന്നും പല തവണ ഇവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞതായി ന്യൂസ്5 ക്ലീവ് ലാൻഡ് റിപ്പോർട്ട് ചെയ്യുന്നു. തങ്ങളിൽ ആരോടെങ്കിലും ഒന്ന് സൂചിപ്പിച്ചിരുന്നെങ്കിൽ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുമായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.

 

എപ്പോഴും ചിരിച്ചുകളിച്ചുകൊണ്ടിരുന്ന ജെയ്‍ലിൻ അയൽപക്കത്തുള്ളവരുടെയൊക്കെ വാത്സല്യഭാജനമായിരുന്നു. ‘ഇത്തരമൊരു മരണം അവൾ ഒരിക്കലും അർഹിക്കുന്നില്ലെന്നും ജെയ്‍ലിനെ വല്ലാതെ മിസ് ചെയ്യുന്നു’വെന്നും അയൽക്കാരിലൊരാളായ ഒരു 13കാരൻ പ്രതികരിച്ചു.

ക്ലീവ്‌ലാന്റിലെ എലിമെന്ററി സ്‌കൂളായ സിറ്റിസൺ അക്കാദമി ഗ്ലെൻവില്ലിൽ ബിൽഡിങ് സബ്സ്റ്റിറ്റ്യൂട്ടായി പ്രവർത്തിച്ചുവരികയായിരുന്നു കാൻഡലാരിയോ.

Tags:    
News Summary - Toddler Dies After Mom Allegedly Leaves Child Home Alone for 10 Days to Go on Vacation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.