കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ പൊലീസ് ചോദ്യംചെയ്തു. നോട്ടീസ് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച എറണാകുളം മരട് സ്റ്റേഷനിൽ ഹാജരായ ശ്രീനാഥിന്‍റെ ചോദ്യംചെയ്യൽ അഞ്ചു മണിക്കൂറോളം നീണ്ടു.
ശ്രീനാഥ് പുറത്തിറങ്ങിയ ഉടൻ തേവരയിലെ അസി. കമീഷണറുടെ ഓഫിസിൽ പ്രയാഗ മാർട്ടിന്‍റെ ചോദ്യംചെയ്യൽ ആരംഭിച്ചു. ഇരുവരുടെയും ചോദ്യംചെയ്യലുകൾക്കിടെയിൽ പരസ്പരം ബന്ധപ്പെടാനാകാത്തവിധം സമയം ക്രമീകരിച്ചതും രണ്ട് കേന്ദ്രങ്ങൾ ചോദ്യംചെയ്യലിന് തെരഞ്ഞെടുത്തതും മൊഴികളിൽ വൈരുധ്യമുണ്ടോയെന്ന് പരിശോധിക്കാനാണെന്നാണ് വിവരം.
രാവിലെ 11.45ന് സ്റ്റേഷനിലെത്തിയ ശ്രീനാഥിന്‍റെ ചോദ്യംചെയ്യൽ 12 മണിയോടെയാണ് തുടങ്ങിയത്. വൈകീട്ട് അഞ്ചുമണി വരെ നീണ്ടു. പിതാവിനും സഹോദരനും അഭിഭാഷകനും സുഹൃത്തുക്കൾക്കുമൊപ്പമാണ് ശ്രീനാഥെത്തിയത്. ആദ്യം മെട്രോ സി.ഐയുടെ നേതൃത്വത്തിലും തുടർന്ന് എറണാകുളം എ.സി.പി പി. രാജ്കുമാറിന്‍റെ നേതൃത്വത്തിലുമായിരുന്നു ചോദ്യംചെയ്യൽ.
നടനും അഭിഭാഷകനുമായ സാബുമോനൊപ്പം വൈകീട്ട് അഞ്ചോടെയാണ് പ്രയാഗ മാർട്ടിൻ അസി. കമീഷണറുടെ ഓഫിസിൽ ഹാജരായത്. ചോദ്യംചെയ്യൽ വൈകിയും നീണ്ടു. ശ്രീനാഥും പ്രയാഗയും കുണ്ടന്നൂരിലെ ആഡംബര ഹോട്ടലിലെത്തിയിരുന്നെന്ന് തെളിവും സാക്ഷിമൊഴികളും ശേഖരിച്ച് പൊലീസ് ഉറപ്പാക്കിയിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ, കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ നിരവധി പേരുടെ മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ.
ഏത് സാഹചര്യത്തിലാണ് ഓംപ്രകാശിന്‍റെ മുറിയിലെത്തിയതെന്ന് ഇരുവരോടും അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചു. ഓംപ്രകാശുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ, ലഹരി പാർട്ടിയിൽ പങ്കെടുക്കാനാണോ എത്തിയത്, ആഡംബര ഹോട്ടലിലെ പാർട്ടിയിലേക്ക് എത്തിച്ചത് ആരാണ്, ലഹരി ഉപയോഗമുണ്ടായോ, പ്രതികളുമായി സാമ്പത്തിക ഇടപാടുകളുണ്ടോ തുടങ്ങിയ കാര്യങ്ങളിലും വിശദീകരണം തേടി.
ഓംപ്രകാശിനെ മുൻപരിചയമില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ശ്രീനാഥ് ഭാസി മൊഴി നൽകിയതായാണ് വിവരം. കേസിൽ ഉൾപ്പെട്ട എളമക്കര സ്വദേശി ബിനു ജോസഫിനൊപ്പമാണ് ഹോട്ടലിലെത്തിയതെന്നാണ് ശ്രീനാഥ് പറഞ്ഞത്.
ഇരുവരുടെയും മൊഴികൾ താരതമ്യം ചെയ്ത് വൈരുധ്യങ്ങളുണ്ടോയെന്ന് വിശദമായി പരിശോധിക്കും. പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ വീണ്ടും വിളിപ്പിക്കും. ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ബാക്കിയുള്ളവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ ചോദ്യംചെയ്യൽ വെള്ളിയാഴ്ചയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.