കൊ​ല്ല​പ്പെ​ട്ട ക​വി​ത, പ്ര​തി മ​ണി​ക​ണ്ഠ​ൻ

ആദിവാസി വീട്ടമ്മയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം

കൊല്ലങ്കോട്: ആദിവാസി വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി മണികണ്ഠന് (37) ജീവപര്യന്തം ശിക്ഷ. പാലക്കാട് അഡീഷനൽ കോടതിയുടേതാണ് വിധി. 2019 മാർച്ച് മൂന്നിനാണ് പറമ്പിക്കുളം 30 ഏക്കർ കോളനി സ്വദേശി ശിങ്കാരത്തിന്‍റെ ഭാര്യ കവിതയെ (48) പുളിയങ്കണ്ടി തോട്ടത്തിനടുത്ത തോട്ടിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ മുതലമട ചുള്ളിയാർമേട് ചിറ്റാപൊറ്റ സ്വദേശി മണികണ്ഠനെ ദിവസങ്ങൾക്കകം തന്നെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചെമ്മണാമ്പതിയിലെ പുളിയങ്കണ്ടിയിൽ അബ്ദുറഹ്മാന്റെ തോട്ടത്തിലെ ജോലിക്കാരായിരുന്നു കവിതയും മണികണ്ഠനും. തോട്ടത്തിനകത്തെ കാവൽപുരയിൽ കവിത ഭക്ഷണം കഴിക്കുന്നതിനിടെ മണികണ്ഠനുമായി വാക്കുതർക്കമുണ്ടായി. വഴക്കിനിടെ മണികണ്ഠൻ കവിതയെ വിറകുകൊണ്ട് തലക്കടിച്ചു. അടിയേറ്റു താഴെ വീണ ഇവർ എഴുന്നേറ്റ് ഓടുന്നതിനിടെ പിന്തുടർന്ന് തലക്കടിച്ച് വീഴ്ത്തിയശേഷം തോട്ടത്തിൽനിന്നു പുറത്തുപോയി. വൈകീട്ട് മണികണ്ഠൻ തിരിച്ച് എത്തിയപ്പോഴും കവിത അതേനിലയിൽ കിടക്കുകയായിരുന്നു.

തുടർന്ന് കവിതയെ തോട്ടത്തിനരികിലെ നീർച്ചാലിനകത്ത് കുഴിച്ചിടാനായി കൊണ്ടിട്ടു. കുഴിച്ചുമൂടാൻ ശ്രമിക്കവെ കവിത എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ മണികണ്ഠൻ തന്റെ കൈയിലുള്ള ഇരുമ്പ് മൺവെട്ടി ഉപയോഗിച്ച് തലക്കും മുഖത്തും അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മാർച്ച് 11ന് മകൻ സുരേഷ് കവിതയെ കാണാനില്ലെന്ന് കാണിച്ച് കൊല്ലങ്കോട് പൊലീസിൽ പരാതി നൽകി. മണികണ്ഠനെയും കാണാതായത് അന്വേഷണത്തിൽ വഴിത്തിരിവായി. തുടർന്ന് മണികണ്ഠൻ പിടിയിലാവുകയും മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തുകയും ചെയ്തു.

മൃതദേഹം പുറത്തെടുത്ത് അന്നത്തെ പാലക്കാട് ആർ.ഡി.ഒ ആർ. രേണുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. അന്നത്തെ സർക്കിൾ ഇൻസ്പെക്ടർ കെ.പി. ബെന്നിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. 302, 201 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ജീവപര്യന്തത്തിനു പുറമെ 25,000 രൂപ പിഴയും വിധിച്ചു. പിഴ അടക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ കൂടുതൽ ശിക്ഷ അനുഭവിക്കണം. അഡീഷനൽ സെഷൻസ് ജഡ്ജ് സി.എം. സീമയാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി. ജയപ്രകാശ് ഹാജരായി.

Tags:    
News Summary - Tribal housewife murder: Defendant gets life sentence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.