കിളിമാനൂർ: കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്ത യുവതിയെ ഭീഷണിപ്പെടുത്തി ബാഗും പണവും തട്ടിയെടുത്ത തമിഴ്നാട് സ്വദേശികളായ നാടോടി സ്ത്രീകളെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വിജയനഗർ കോളനിയിൽ, ഡോർ നമ്പർ 17ൽ ശാന്തി (45), ഡോർ നമ്പർ 16 ൽ ലക്ഷ്മി (40) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച ഉച്ചക്ക് 1.30ന് കാരേറ്റ് - കല്ലറ റൂട്ടിൽ ആറാന്താനത്തായിരുന്നു സംഭവം. മുതുവിളയിലേക്ക് പോകുന്ന കെ.എസ്.ആർ. ടി.സി ബസിൽ യാത്ര ചെയ്ത കല്ലറ മരുതമൺ പൂരുട്ടാതി വീട്ടിൽ എസ്. റോഷിക കുമാരിയുടെ ബാഗും പഴ്സും തട്ടിയെടുത്തശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. യുവതി ബഹളം വെച്ചതിനെ തുടർന്ന് യാത്രക്കാരും കണ്ടക്ടറും ചേർന്ന് യുവതികളെ തടഞ്ഞുവെച്ചശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. റോഷികയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കിളിമാനൂർ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്നും ബാഗും പഴ്സും പൊലീസ് കണ്ടെടുത്തു. കിളിമാനൂർ എസ്.എച്ച്.ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത് കെ. നായർ, ഗ്രേഡ് എസ്.ഐ രാജേന്ദ്രൻ, എ.എസ്.ഐ ഷജിം, എസ്.സി.പി.ഒ രജിത്ത് രാജ്, സി.പി.ഒ അജി, വനിത സി.പി.ഒമാരായ ശ്രീക്കുട്ടി, നസീഹത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.