തിരുവനന്തപുരം: ആയൂര്‍വേദ ചികിത്സക്കായി കേരളത്തിലെത്തിയ ലാത്വിയന്‍ സ്വദേശിനി ലീഗ സ്‌ക്രോമെന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് വിചാരണ വേഗത്തിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയില്‍ സബ്മിഷനിലൂടെ വിഷയം അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചു. സംഭവം നടന്ന് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ല. കേരളത്തിനു തന്നെ അപമാനമായ സംഭവത്തില്‍ കേസ് അതിവേഗ കോടതിക്ക് കൈമാറി ലീഗയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കേസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണെന്നും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ജി. മോഹന്‍രാജിനെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. പുതിയ ഒരാളെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന ആവശ്യം നിലവില്‍ സര്‍ക്കാറിന് ലഭിച്ചിട്ടില്ല.
ഇപ്രകാരം അപേക്ഷ ലഭിക്കുന്ന പക്ഷം പൊലീസ് മേധാവിയുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെയും അഭിപ്രായം ആരാഞ്ഞ് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.