നാദാപുരം: കല്ലാച്ചി വിഷ്ണുമംഗലം ഓത്തിയിൽ മുക്കിൽ ലഹരിവിൽപനയെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി 8.30നാണ് ജാതിയേരിയിലെ മാന്താറ്റിൽ ചാമ അജ്മലിന്(30) നേരെ ആക്രമണമുണ്ടായത്.
മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ ഇടത്കൈക്കും കാലിനും എല്ലിന് പൊട്ടലേൽക്കുകയും ശരീരത്തിൽ വെട്ടേൽക്കുകയും ചെയ്ത അജ്മൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് ഉപയോഗിച്ച വാൾ, നഞ്ചക്ക്, ഇരുമ്പ് വടി എന്നിവ പൊലീസ് സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഓത്തിയിൽ മുക്കിലെ റോഡിരികിൽനിന്ന് നാദാപുരം സി.ഐ ഫായിസ് അലിയുടെ നേതൃത്വത്തിലാണ് പൊലീസ് ആയുധങ്ങൾ കണ്ടെടുത്തത്.
വിരലടയാള വിദഗ്ധരായ കെ. രഞ്ജിത്, കെ. നീതു എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പള്ളൂരിൽ ബാർ കുത്തിത്തുറന്ന് മദ്യം മോഷണം നടത്തിയ കേസിലും നാദാപുരം സ്റ്റേഷനിൽ ലഹരി കേസുകളിലും പ്രതിയാണ് പരിക്കേറ്റ അജ്മൽ. അജ്മലിൽനിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. ആക്രമണത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.