കാഞ്ഞങ്ങാട്: പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വോളിബോൾ കോച്ചായ പ്രതിയെ 36 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ പതിനൊന്നു മാസം കൂടുതൽ തടവ് അനുഭവിക്കണം.
കണ്ണൂർ പരിയാരം സ്വദേശി പി.വി. ബാലനെ(68)യാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി. സുരേഷ് കുമാർ വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.
2018 ഡിസംബറിൽ 12 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ ചിറ്റാരിക്കലിൽ നടന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരം കാണിക്കാനായി മറ്റ് മൂന്ന് കുട്ടികളോടൊപ്പം കൂട്ടിക്കൊണ്ടുവന്ന് ചെറുപുഴയിലെ ലോഡ്ജ് മുറിയിൽ പീഡിപ്പിച്ചെന്നാണ് കേസ്.
വോളിബോൾ കോച്ചായ പ്രതി ഗുരുതര ലൈംഗിക അതിക്രമം നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചിറ്റാരിക്കൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിന്റെ പ്രാഥമിക അന്വേഷണം അന്നത്തെ ചിറ്റാരിക്കൽ സബ് ഇൻസ്പെക്ടറും ഇപ്പോൾ ചിറ്റാരിക്കൽ പൊലീസ് ഇൻസ്പെക്ടറുമായ രഞ്ജിത്ത് രവീന്ദ്രനും തുടർന്നുള്ള അന്വേഷണം എസ്.ഐമാരായ ഉമേഷനും കെ.പി.വിനോദ് കുമാറും ചേർന്ന് പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപിക്കുകയായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ബിന്ദു പരാതിക്കാരന് വേണ്ടി കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.